ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഹൈബ് മാലിക്കും പ്രണയിച്ച് കല്യാണം കഴിച്ചത് ഇന്ത്യയും പാകിസ്താനും ഒരു പോലെ ആഘോഷിച്ച വാര്‍ത്തയാണ്. 2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചത് ഒരാഴ്ച മുമ്പേയാണ്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതിനൊപ്പം സാനിയ ചോരക്കുഞ്ഞിനോട് കാണിച്ച ദ്രോഹത്തിന് ആരാധകര്‍ താരത്തിന് പൊങ്കാലയിടുകയാണ്.
ഇസാന്‍ മിര്‍സ എന്നാണ് താരദമ്പതിമാരുടെ കുഞ്ഞിന്റെ പേര്. ഷുഹൈബാണ് സാനിയ പ്രസിച്ച കാര്യം ഒരാഴ്ച മുമ്പ് ട്വീറ്റ് ചെയ്തത്. ഭാര്യ പ്രസവിച്ചെങ്കിലും ഷുഹൈബ് ക്രിക്കറ്റ് മൈതാനത്ത് മത്സരത്തില്‍ സജീവമാണ്. തുടര്‍ച്ചയായി പതിനൊന്നാം ട്വന്റി-ട്വന്റി പരമ്പര വിജയമെന്ന നേട്ടം പാകിസ്താന്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയപ്പോള്‍ കുഞ്ഞ് ടിവിയിലേക്ക് നോക്കി കിടക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞിനെ ആരോ കൈയിലെടുത്ത് വച്ചാണ് ടിവി കാണിക്കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. കുഞ്ഞിനോട് കാണിച്ചത് ദ്രോഹമെന്നാണ് ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രമാണ് കുഞ്ഞിന് പ്രായമായത്. കാഴ്ചശക്തി ഉറയ്ക്കാത്തതിനാല്‍ തന്നെ ഈ സമയങ്ങളില്‍ കുഞ്ഞുങ്ങളെ അധികം വെളിച്ചം കാണിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കുഞ്ഞിനെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ബലമായി ടിവി കാണിച്ചു എന്നാണ് വിമര്‍ശകര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാബ ക്രിക്കറ്റ് കളിക്കുന്നത് ഞാനും മോനും ഒന്നിച്ച് കണ്ടെന്നും ഈ അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്കറിയില്ലെന്നും ആണ് സാനിയ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്.
ഇതിനിടെ ഇസാന്‍ പിറന്നുവീണ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നുമുള്ള കൂടുതല്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സാനിയ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണിത്. ചിത്രങ്ങള്‍ ശുഹൈബ് മാലിക്കും പങ്കുവച്ചിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് കാണുന്ന ഇസാന്‍ അച്ഛനെ പോലെ ക്രിക്കറ്റര്‍ ആകുമോ അതോ അമ്മയെ പോലെ ടെന്നീസ് താരം ആകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തങ്ങളുടെ കുഞ്ഞ് ആണായാലും പെണ്ണായാലും അവന്റെ ഭാവി അവന്‍ തീരുമാനിക്കട്ടെയെന്ന് മുമ്പ് സാനിയ വ്യക്തമാക്കിയിരുന്നു. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുഞ്ഞിനുണ്ടെന്നും താരം പറഞ്ഞിരുന്നു.