Latest News

ഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ? മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? സനല്‍ കുമാര്‍ ശശിധരന്റെ വാദം ഇങ്ങനെ; ഇനി നിര്‍ണ്ണായകം കോടതി നിലപാട്; സംവിധായകനെ ഇന്ന് കോടതിയില്‍

Malayalilife
 ഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ? മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? സനല്‍ കുമാര്‍ ശശിധരന്റെ വാദം ഇങ്ങനെ; ഇനി നിര്‍ണ്ണായകം കോടതി നിലപാട്; സംവിധായകനെ ഇന്ന് കോടതിയില്‍

നടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ് എളമക്കര പൊലീസ് രേഖപ്പെടുത്തി. എളമക്കര പൊലീസ് തിങ്കള്‍ രാത്രി 9.40നാണ് ഇയാളെ മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിച്ചത്. നടിയുടെ പരാതിയില്‍ സനലിനെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. സമാനസംഭവത്തില്‍ നടിയുടെ പരാതിയില്‍ 2022ലും ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ജാമ്യത്തിലാണ്. സമാന കുറ്റം ചെയ്തതു കൊണ്ട് ആ ജാമ്യവും റദ്ദാക്കണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും. 

പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് നടി മെയില്‍ ചെയ്ത പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. കേസെടുക്കുമ്പോള്‍ സനല്‍ അമേരിക്കയിലായിരുന്നതിനാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തില്‍ ഞായറാഴ്ച വന്നിറങ്ങിയ സനലിനെ തടഞ്ഞുവച്ചു. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍കുമാര്‍ ഒട്ടേറെ കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരില്‍ ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടു. കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടര്‍ന്നാണ് ഞായഴാഴ്ച സനല്‍കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സനല്‍കുമാര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ഇയാള്‍, പ്ലാറ്റ്ഫോമില്‍ വീഴുകയും ചെയ്തു. ''എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത് ? ഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ. ഞാന്‍ മോഷ്ടിച്ചോ. ഞാന്‍ ഖജനാവ് കൊള്ളയടിച്ചോ. ഞാന്‍ മാസപ്പടി വാങ്ങിയോ. ഞാന്‍ പ്രേമിച്ചു. രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ. ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം. ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്'' സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. 

തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്നും റെയില്‍വേ സ്റ്റേഷനില്‍ വച്ച് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. രണ്ടു മനുഷ്യര്‍ തമ്മില്‍ പ്രേമിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സംവിധായകന്‍ ചോദിച്ചു.താന്‍ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താന്‍ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വച്ചിട്ടില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും സനല്‍കുമാര്‍ ആരോപിച്ചു. മുന്‍പു സനലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. അറസ്റ്റു ചെയ്ത സനല്‍കുമാറിനെ കോടതിയില്‍ ഹാജരാക്കും. കോടതിയിലും ഈ നിലപാടുകള്‍ സനല്‍കുമാര്‍ ആവര്‍ത്തിച്ചേക്കും. ഇത് സങ്കീര്‍ണ്ണമായി മാറുമോ എന്ന ആശങ്ക പോലീസിനുണ്ട്.
 

sanal kumar sasidharan arrested at kochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES