ഫിലിം ചേംബര്‍ ജന.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍. സജി നന്ത്യാട്ട് അംഗത്വ രേഖകളില്‍ കൃത്രിമം നടത്തിയെന്നാണ് പരാതി. ഈ വിഷയത്തില്‍ നിയമോപദേശത്തെ തുടര്‍ന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബര്‍ അറിയിച്ചു. നിര്‍മാതാവ് മനോജ് റാംസിംഗ് ആണ് സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കിയത്...
കഴിഞ്ഞ 17നാണ് പരാതി നല്‍കിയത്. തെറ്റായ രേഖകള്‍ വഴിയാണ് ഫിലിം ചേമ്പറില്‍ ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ സജി അംഗത്വം നേടിയത്. സജി ഡിസ്ട്രിബ്യൂഷന്‍ ചെയ്തിട്ടില്ലെന്നും ഡിസ്ട്രിബ്യൂട്ടര്‍ വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി എന്ന അധികാരം ദുര്‍വിനിയോഗം ചെയ്താണ് ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ സജി അംഗത്വം നേടിയതെന്ന് മനോജ് രാംസിങ് ആരോപിച്ചു. ഇതിനായി സജി അധികാരം ദുര്‍വിനിയോഗം ചെയ്തു. പരാതി ശരിയെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സജിയുടെ അംഗത്വം റദ്ദാക്കിയത്. മറ്റാര്‍ക്കും പരാതിയില്‍ പങ്കില്ല. ഈ വിഷയത്തില്‍ ഗൂഢാലോചനയും നടന്നിട്ടില്ല. അംഗത്വം റദ്ദായത്തിന് ശേഷം സജി നേരിട്ട് വിളിച്ചിരുന്നു. നിങ്ങള്‍ കാരണം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായില്ലെന്ന് പറഞ്ഞെന്നും ബൈ ലോ പ്രകാരം സാന്ദ്ര തോമസിന് മത്സരിക്കാമെന്നും മനോജ് രാംസിംഗ് കൂട്ടിച്ചേര്‍ത്തു
എന്നാല്‍ തനിക്കെതിരെ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചതും എതിര്‍പ്പിന് കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.ഫിലിം ചേമ്പര്‍ പ്രസിഡന്റാകാതിരിക്കാന്‍ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ യോഗങ്ങള്‍ വിളിക്കാന്‍ പാടില്ല. എന്നാല്‍, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേര്‍ന്നു. ഫിലിം ചേമ്പര്‍ കെട്ടിട നിര്‍മ്മാണത്തിലെ അടക്കം ചില അഴിമതികള്‍ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിര്‍മ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
''സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്നും അവര്‍ ഉയര്‍ത്തിയ ചില കാര്യങ്ങളെയാണ് താന്‍ പിന്തുണച്ചതെന്നും സജി നന്ത്യാട്ട് പറഞ്ഞു. സാന്ദ്രയുടെ കാര്യത്തില്‍ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സാന്ദ്രയുടെ കേസില്‍ കോടതി വിധി എതിരാണെങ്കില്‍ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും'' സജി നന്ത്യാട്ട് അറിയിച്ചു. ''ഫിലിം ചേമ്പര്‍ ഒരു കുടുംബമാണ്. അവിടെ സിനിമ നിര്‍മ്മാതാക്കള്‍ക്കും എല്ലാവര്‍ക്കും എപ്പോഴും കയറി ചെല്ലാന്‍ കഴിയണം. തന്റെ കയ്യില്‍ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും'' സജി നന്ത്യാട്ട് ആരോപിച്ചു.
അനില്‍ തോമസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചത്. അനില്‍ തോമസാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതെന്നും അനില്‍ തോമസിന്റെ സിനിമക്ക് സാന്ദ്ര പണം മുടക്കാന്‍ തയ്യാറാകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഫിലിം ചേമ്പര്‍ പ്രസിഡന്റ് സ്ഥലത്തേക്ക് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് അനില്‍ തോമസാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രശ്‌നക്കാരനല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തു. സാറ്റലൈറ്റ് മേടിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒരു ഡോക്ടറുടെ കയ്യില്‍ നിന്നും അനില്‍ തോമസ് 85 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും സജി നന്ത്യാട്ട് ഉന്നയിച്ചു. മാധ്യമങ്ങളില്‍ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഈ തട്ടിപ്പ് നടത്തിയത്. ഡോക്ടര്‍ക്ക് തിരികെ ലഭിച്ചത് 13,000 രൂപ മാത്രമാണെന്നും അനില്‍ തോമസ് ഈ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും സജി നന്ത്യാട്ട് ആരോപിച്ചു.