ഹോളിവുഡ് സിനിമകളില്‍മാത്രം ഉപയോഗിച്ചു വരുന്ന ആര്‍ട്ടിന്റെ ഒരു പ്രധാന വിഭാഗമാണ് അനിമട്രോണിക്‌സ് സ്‌പെഷല്‍ ഇഫക്ട്‌സ്. ഇന്ത്യന്‍ സിനിമയില്‍ യെന്തിരനില്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ആര്‍ട്ടിന്റെ ഈ വിഭാഗത്തില്‍ ഇപ്പോള്‍ ഒരു ഇന്ത്യക്കാരനും കരവിരുത് നേടിയിരിക്കുന്നു. അതൊരു മലയാളിയുമാണ്. അതെ ആ അനിമട്രോണിക്‌സ് സ്‌പെഷല്‍ ഇഫക്ട്‌സ് വിദഗ്ധന്‍ ചേര്‍ത്തല പൂച്ചാക്കല്‍ ഉളവെയ്പ് സ്വദേശി സജയ് മാധവന്‍ ആണ്. യെന്തിരന്‍ രണ്ടാം ഭാഗത്തില്‍ പക്ഷികളെ സൃഷ്ടിച്ചാണ് സജയ് അനിമട്രോണിക്‌സ് സ്‌പെഷല്‍ ഇഫക്ടസില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്.
രജനികാന്തിന്റെ യന്തിരന്‍ രണ്ടാം ഭാഗത്തിനു വേണ്ടിയും വിജയ്യുടെ മെര്‍സലിനു വേണ്ടിയുമാണ് സജയ് മാധവന്‍ അനിമട്രോണിക്‌സ് വൈഭവം തെളിയിച്ചിരിക്കുന്നത്. യന്തിരന്‍ രണ്ടാം ഭാഗത്തിനു വേണ്ടി ആറോളം പക്ഷികളുടെ സൃഷ്ടിയിലും വിജയ്്്യുടെ മെര്‍സലില്‍ പ്രസവരംഗത്തുമാണ് സജയ്യുടെ വൈദഗ്ധ്യം സിനിമയുടെ പ്രക്രിയയ്ക്കു മുതല്‍ക്കൂട്ടായിരിക്കുന്നത്. ഈ രംഗങ്ങളില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടില്ലത്രേ. ഹോളിവുഡ് സിനിമകളില്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ആര്‍ട്ടിന്റെ ഈ രീതി ഇന്ത്യന്‍ സിനിമയ്ക്ക് പുതിയവിശേഷമാണ്. ഇന്ത്യന്‍ സിനിമയില്‍ അനിമട്രോണിക്‌സിന്റെ സാധ്യതയെക്കുറിച്ചും എന്താണ് അനിമട്രോണിക്‌സ് എന്നും സജയ് മാധവന്‍ മലയാളി ലൈഫിനോട് സംസാരിക്കുന്നു.
അനിമട്രോണിക്‌സ് എന്നാല്‍ എന്താണ്?
ഹോളിവുഡ് സിനിമകളില്‍ ഉപയോഗിച്ചുവരുന്ന ആര്‍ട്ടിന്റെ മൂന്നു വിഭാഗങ്ങളാണ് പ്രൊസ്‌തെറ്റിക്‌സ്, അനിമട്രോണിക്‌സ്, എസ്.എഫ് എക്‌സ്. ഇതില്‍ പ്രൊസ്തെറ്റിക്‌സ് മേക്കപ്പിന്റെ ഒരു ഭാഗമായി വരും. ഹോളിവുഡ് സിനിമകളില്‍ വൂണ്ട് ഇഫക്റ്റ്, സിസേറിയന്‍, മുറിവുകള്‍ ഇതൊക്കെയാണ് പ്രൊസ്‌തെറ്റിക്‌സ് രീതിയിലൂടെ സൃഷ്ടിക്കുന്നത്. അതിനുശേഷം ഷൂട്ട്‌ചെയ്യുന്നു. അത് കൂടുതല്‍ യാഥാര്‍ഥ്യമായി തോന്നുകയും ചെയ്യുന്നു. മാത്രമല്ല സംവിധായകന്‍ അത് സംതൃപ്തി നല്‍കുന്ന തരത്തില്‍ ചിത്രീകരിക്കാനാകും. രണ്ടാമത്തെ വിഭാഗം എസ്എഫ്എക്‌സ് ആണ്. എസ്എഫ്എക്‌സ് രീതിവച്ച് ആവശ്യമായ ക്യാരക്‌റ്റേഴ്‌സിനെ സൃഷ്ടിച്ചെടുക്കുന്നു. ഇവ അങ്ങനെതന്നെ ലൈവായി ഷൂട്ട്‌ചെയ്യാനാകും. എത്രത്തോളം ലൈവായി ഷൂട്ട് ചെയ്യുന്നു അത്രത്തോളം റിയലിസ്റ്റിക്കാകുന്നു.
ചിലപ്പോള്‍ ചലനങ്ങള്‍ ആവശ്യംവരും. അതാണ് അനിമട്രോണിക്‌സ്. ഇത് റോബോട്ടിക് ആണ്. ചലനത്തോടുകൂടി ഒരു ക്യാരക്ടറ്റര്‍ ഡിസൈന്‍ ചെയ്ത് മൂവ് ചെയ്യണമെങ്കില്‍ ഷൂട്ട്‌ചെയ്യാന്‍ എളുപ്പമാണ്. ഫോളന്‍ കിങ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് അനിമട്രോണിക്‌സ് റോബോട്ടുകളാണ്. ദിനോസറുകളെ കൃത്രിമമായി ഉണ്ടാക്കി ചലിപ്പിച്ചതാണ്. അതൊന്നും ഗ്രാഫിക്‌സ് അല്ല. സംവിധായകനെ സംബന്ധിച്ച് ഏറ്റവും എളുപ്പം ഷൂട്ട് ചെയ്യാന്‍ പറ്റുന്നതും സംതൃപ്തികിട്ടുന്നത് അനിമട്രോണിക് ആണ്. വിഎഫ്എക്‌സില്‍ ചെയ്താല്‍ വീണ്ടും അത് മറ്റൊരു തലത്തിലേക്കു മാറ്റേണ്ടിവരും. സംവിധായകന് സംതൃപ്തി വരാത്ത ഒരു അവസ്ഥ നേരിടേണ്ടിവരും.
താങ്കള്‍ സൃഷ്ടിച്ച യെന്തിരന്‍ രണ്ടാംഭാഗത്തിലെ പക്ഷികള്‍?
യന്തിരന്‍ രണ്ടാംഭാഗത്തില്‍ മുഴുവനും ഹോളിവുഡിലുള്ളവരാണ് അനിമട്രോണിക്‌സ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ഭാഗമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പിന്നെ ശങ്കര്‍ സാറിന്റെ സിനിമയില്‍ കിട്ടുക എന്നുള്ളത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. യന്തിരന്‍ ഒരു റോബോട്ടിക് സിനിമയേക്കാള്‍ ഒരു കാലിക പ്രസക്തിയും സന്ദേശവും നല്‍കുന്ന സിനിമയാണ്. അക്ഷയ്കുമാറിന്റെ പെറ്റ് ആയ ഒരു പക്ഷിയെയാണ് ഞാന്‍ സൃഷ്ടിച്ചത്. അങ്ങനെ ആറോളം പക്ഷികളെ സൃഷ്ടിച്ചു. അത് ലൈവ് ആയി പിന്നീട് ഷൂട്ട് ചെയ്യുകയായിരുന്നു. യെന്തിരനില്‍ ഗ്രാഫിക് വര്‍ക്ക് ചെയ്തിട്ട് സംതൃപ്തികിട്ടാതെ പിന്നീട് റീ വര്‍ക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. യന്തിരനില്‍ അനിമട്രോണിക്‌സ് നന്നായി ഉപയോഗിച്ചിട്ടുണ്ട്.
കുറേ ക്യാരക്‌റ്റേഴ്‌സ് ചെയ്യണമെങ്കില്‍, അതുപോലെ അനിമല്‍സ്, ബേഡ്‌സ് ഒക്കെ ചെയ്യണമെങ്കില്‍ അനിമട്രോണിക്‌സ് രീതി ഉപയോഗിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷയായതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നിയമപ്രശ്‌നങ്ങള്‍ കുറേ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയിലും അനിമട്രോണിക്‌സിന്റെ സാധ്യത കൂടിയിരിക്കുകയാണ്. ഇന്ത്യയില്‍ യന്തിരനില്‍ മാത്രമാണ് അനിമെട്രാണിക്‌സ് ചെയ്തിട്ടുള്ളത്. ബാഹുബലിയില്‍ വിഎഫ്എക്‌സും അനിമേഷനും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അനിമട്രോണിക്‌സ് ഉപയോഗിച്ചിട്ടില്ല. യന്തിരന്റെ പ്രൊഡക്ഷന്‍ ഡിസൈനറായ മുത്തുരാജ് സാര്‍ മുഖേനയാണ് വര്‍ക്ക് ചെയ്യാനായത്. ഏതാണ്ട് രണ്ടുമാസം കൊണ്ടാണ് പക്ഷികളെ സൃഷ്ടിച്ചത്. എന്റെ വര്‍ക്ക് കണ്ടപ്പോള്‍ ശങ്കര്‍ സാറിന് വളരെ ഇഷ്ടമായി. എന്നെ പ്രശംസിക്കുകയുംചെയ്തു.
മെര്‍സലിലെ ഗര്‍ഭസ്ഥ ശിശുവിനെ സൃഷ്ടിച്ച അനുഭവം?
മെര്‍സലിലെ പ്രസവരംഗമാണ് പ്രൊസ്‌തെറ്റിക്‌സ് രീതി ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. അത് അനിമേഷന്‍ അല്ല. മെര്‍സലിലേക്ക് എത്തിയത് സാബു സിറില്‍ സാര്‍ മുഖേനയാണ്. സംവിധായകന്‍ ആറ്റ്‌ലി എന്താണ് വേണ്ടത് എന്ന് പറഞ്ഞുതന്നു. അതനുസരിച്ച് നവജാതശിശുവിനെയും രക്തക്കുഴലുകളും പ്ലാസന്റെയും പൊക്കിള്‍ക്കൊടിയും കൃത്രിമമായാണ് ഞാന്‍ സൃഷ്ടിച്ചത്. മെര്‍സലിന്റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് സാറിന്റെ നേതൃത്വത്തിലാണ് മെര്‍സലിന്റെ വര്‍ക്ക് ചെയ്തത്.
സ്റ്റാന്‍ വിന്‍സ്റ്റന്‍ ആണോ താങ്കളുടെ പ്രചോദനം?
സ്‌പെഷല്‍ ഇഫക്ട്‌സില്‍ ലോകത്തെ തലത്തൊട്ടപ്പന്‍ സ്റ്റാന്‍ വിന്‍സ്റ്റന്‍ തന്നെയാണ്. സ്റ്റാന്‍ വിന്‍സ്റ്റനാണ് എനിക്ക് പ്രചോദനം നല്‍കിയ സ്‌പെഷല്‍ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ്. ജുമാഞ്ചി, ജുറാസിക് പാര്‍ക്ക് ഇവയുടെയെല്ലാം പ്രൊഡക്ഷന്‍ ഡിസൈനര്‍ സ്റ്റാന്‍ വിന്‍സന്‍. സംവിധായകനെ പോലെ അല്ലെങ്കില്‍ സംവിധായകനേക്കാള്‍ വളരെ അറിവുള്ള ആളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മലയാളത്തില്‍ ഈ രീതിയില്ല. ജുറാസിക് പാര്‍ക്ക്, ഷാര്‍ക്ക്, ടെര്‍മിനേറ്റര്‍ തുടങ്ങിയ സിനിമകളില്‍ സ്പില്‍ബര്‍ഗിന്റെ ഇമേജനറി പ്രായോഗികമായി കൊണ്ടുവന്നത് സ്റ്റാന്‍ വിന്‍സനാണ്.
ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഡണ്‍കിര്‍ക്ക് ആണ് ഒടുവിലറങ്ങിയ അദ്ദേഹത്തിന്റെ സിനിമ. നമുക്ക് ഇമേജിന്‍ ചെയ്യാന്‍ പറ്റാത്ത തലത്തിലുള്ള ഒരു സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഓരോ സിനിമകളും ഒരോ തലങ്ങളിലായിരിക്കും. അടുത്തത് ഏത് സിനിമയാണെന്ന് നമുക്ക് ചിന്തക്കാന്‍പോലും പറ്റില്ല. ഇന്ത്യയില്‍ സാബുസിറില്‍ സാര്‍ തന്നെയാണ് മികച്ച ആര്‍ട്ട് ഡയറക്ടര്‍. സാബുസാര്‍ ഇല്ലെങ്കില്‍ ബാഹുബലി എന്ന സിനിമ സങ്കല്പിക്കാന്‍ പോലും പറ്റില്ല. സംവിധായകന്‍ മനസില്‍ കണ്ടത് അതുപോലെതന്നെ സാബുസാര്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
ഭാവിയില്‍ സംവിധാനം താത്പര്യമുണ്ടോ?
സംവിധായകനാകുകയാണ് എന്റെ സ്വപ്നം. ഞാനൊരു ആര്‍ട്ടിസ്റ്റാണ്. സ്‌കള്‍പ്ച്ചര്‍ ആണ്. കോളജിലെ അദ്ധ്യാപകനാണ്. ബാംഗ്‌ളൂരില്‍ പഠിച്ച് പിന്നീട് കാരക്കുടിയില്‍ ജോലികിട്ടി. ഇപ്പോള്‍ നീണ്ട അവധിയെടുത്ത് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ക്രോക്കഡൈില്‍ ലവ് സ്റ്റോറിയിലെ മുതലയെ നിര്‍മ്മിച്ചാണ് ഞാന്‍ സിനിമയിലെത്തുന്നത്.
പപ്പടം ഷാജി എന്ന മലയാള സിനിമയാണ് ഞാന്‍ സ്വതന്ത്രമായി ആര്‍ട്ട് ഡയറക്ടര്‍ ആകുന്ന സിനിമ. പിന്നെ ചെങ്ങഴി നമ്പ്യാര്‍, അനൗണ്‍സ് ചെയ്യാത്ത സിനിമകള്‍ വേറെയുണ്ട്. ഭരതനും പത്മരാജനും എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. അവര്‍ വലിയ ആര്‍ട്ടിസ്റ്റുകളാണ്. ചെറുപ്പംമുതലേ സിനിമയോടുതന്നെയാണ് പാഷന്‍. മൂന്നുസിനിമകളെങ്കിലും സംവിധാനംചെയ്യണം അതാണ് ആഗ്രഹം. ആദ്യസിനിമയുടെ പണിപ്പുരയിലാണ്. അതൊരു ഒരു യൂണിവേഴ്‌സല്‍ സിനിമ ആയിരിക്കും മാജിക്കല്‍ ഫാന്റസി സിനിമ ആയിരിക്കും. ഒരു ഹോളിവുഡ് നിലവാരത്തില്‍ കാണാന്‍ പറ്റുന്ന സിനിമ.