ജയറമിന്റെ നായകനാക്കി ഗാനരചയിതാവും സ്റ്റേജ് ഷോകളുടെ സംഘാടകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ ചിത്രമായിരുന്നു നോവല്‍. 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയത് സദ സയ്യിദ് എന്ന തെന്നിന്ത്യന്‍ താരമായിരുന്നു. ഇപ്പോളിതാ നടിയെക്കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
വിക്രം നായകനായി അഭിനയച്ച് സൂപ്പര്‍ ഹിറ്റായ തമിഴ് ചിത്രം അന്ന്യനിലെ അടക്കം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി തെന്നിന്ത്യയില്‍ സ്വന്തമായി സ്ഥാനം ഉറപ്പിച്ച നായിക നടിയാണ് സദ സയ്യിദ്. താരമായി തിളങ്ങി നിന്ന താരമിപ്പോള്‍ അഭിനയലോകത്തുനിന്ന് നീണ്ട ഇടവേളയെടുത്ത് മറ്റൊരു രംഗത്ത് തന്റെ കഴിവ് തെളിയിക്കുകയാണ്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് തെന്നിന്ത്യന്‍ താരസുന്ദരി ഇപ്പോള്‍ തിളങ്ങുന്നത്. താന്‍ പകര്‍ത്തുന്ന ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റാഗ്രാമിലെ 'സദ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി' എന്ന പേജില്‍ പങ്കുവയ്ക്കാറുമുണ്ട്. ഓരോ ചിത്രത്തിന്റെ വിശദമായ വിവരണവും സദ ഉള്‍പ്പെടുത്താറുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങെല്ലാം സദ സന്ദര്‍ശിച്ചുകഴിഞ്ഞു.
അഭിനേതാവിന് പുറമെ തികഞ്ഞൊരു മൃഗസ്നേഹി കൂടിയാണ് സദ. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ ഇക്കോ പാര്‍ക്ക് തുടങ്ങാനുള്ള തീരുമാനത്തിനെ നടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെയായിരുന്നു വിമര്‍ശനം. താരത്തിന്റെ പ്രതികരണത്തെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
2002ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജയം ആണ് സദയുടെ ആദ്യ സിനിമ. 2023ല്‍ പുറത്തിറങ്ങിയ ആദികേശവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ സദ അഭിനയിച്ചിട്ടുണ്ട്.