കേരളത്തിന് പ്രളയക്കെടുതിയിൽ കൈത്താങ്ങാനാവാൻ തെലുങ്ക് സിനിമ പ്രവർത്തകരുടെ വേറിട്ടൊരു പ്രവർത്തനം.ഒരു കാലത്ത് യുവത്വത്തിന്റെ ചങ്കായിരുന്നു ആർഎക്സ് 100 ലേലത്തിന് വച്ച് അതിൽ നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാനുള്ള പരിപാടിയിലാണ് തെലുങ്ക് സിനിമാ ലോകം.
തെലുങ്കു ചിത്രം 'ആർ എക്‌സ് 100' ന്റെ അണിയറ പ്രവർത്തകർ ആണ് ഇതുമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന യമഹാ ആർഎക്‌സ് 100 ബൈക്ക് ലേലത്തിൽ വെച്ച് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ആർഎക്സ് 100 ചിത്രത്തിലെ നായകൻ കാർത്തികേയയാണ് ബൈക്ക് ലേലം ചെയ്യാൻ പോകുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത വീഡിയോയിൽ കേരളത്തിന് സഹായസഹകരണങ്ങൾ നൽകാൻ ആരാധകരോടു താരം അഭ്യർത്ഥിക്കുന്നുണ്ട്. 50000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്. കാർത്തികേയ, പായൽ രാജ്പുത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആർഎക്സ് 100 ദക്ഷിണേന്ത്യൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിവരികയാണ്.
ജൂലൈ 12 ന് റിലീസ് ചെയ്ത ഈ ചിത്രം പ്രാദേശിക ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 21 കോടിയോളം നേടിയിരുന്നു. 4.2 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്. അശോക് റെഡ്ഡി, ഗുമ്മകൊണ്ട എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ വിജയ് ദേവരഖൊണ്ട, അല്ലു അർജുൻ, രാം ചരൺ തേജ, ചിരഞ്ജീവി, മഹേഷ് ബാബു തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
മലയാള താരങ്ങൾക്ക് പുറമേ, കാർത്തി, സൂര്യ, ഹൃത്വിക് റോഷൻ, ഷാരൂഖ് ഖാൻ, സുശാന്ത് സിങ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമൽഹാസൻ, വിജയ്, സിദ്ധാർത്ഥ്, വിജയകാന്ത് നടിമാരായ നയൻതാര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.