പ്രായമെന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും ഒരു വ്യക്തിയുടെ മനസ്സിലും ഊര്‍ജ്ജത്തിലുമാണ് കാര്യമെന്നും വ്യക്തമാക്കി പ്രശസ്ത നടി റോജ സെല്‍വമണി. വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകേണ്ട പരസ്പര സ്‌നേഹം, വിശ്വാസം, പങ്കാളിയെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും തന്റെ സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് റോജ മനസ്സ് തുറന്നു. 'സ്റ്റേ ട്യൂണ്‍ഡ് വിത്ത് രമ്യ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
'പ്രായത്തെക്കുറിച്ച് ഞാന്‍ അങ്ങനെ ചിന്തിക്കാറേയില്ല. എനിക്ക് എങ്ങനെ നടക്കാനാണോ ഇഷ്ടം, അങ്ങനെ തന്നെയാണ് ഞാനിപ്പോഴും മുന്നോട്ട് പോകുന്നത്. എന്നാല്‍ ചില ആളുകള്‍ എന്നെ കളിയാക്കാറുണ്ട്, 'നിങ്ങള്‍ക്ക് പ്രായമായി, വയസ്സായി' എന്നൊക്കെ പറയും. അങ്ങനെയുള്ളവരോട് ഞാന്‍ പറയാറുള്ളത് ഒരു പൊതുസ്ഥലത്ത് പോയി നില്‍ക്കാം, അവിടെയുള്ളവര്‍ പറയട്ടെ ആര്‍ക്കാണ് പ്രായമായതെന്ന് എന്നാണ്. പാട്ടോ ഡാന്‍സോ പ്രസംഗമോ ആകട്ടെ, എന്ത് വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എല്ലാവരും പറയുന്നതുപോലെ പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. നമ്മുടെ മനസ്സിലും എനര്‍ജിയിലുമാണ് കാര്യം.' - റോജ പറഞ്ഞു.
വിവാഹത്തിന് മുന്‍പും ശേഷവും ദമ്പതികളുടെ ചിന്താഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും റോജ വ്യക്തമാക്കി. 'കല്യാണത്തിന് മുന്‍പ് പങ്കാളിയെ ഇംപ്രസ് ചെയ്യാനായി പരസ്പരം സമയം കണ്ടെത്തുകയും 'നീ എന്നെ വിട്ടുപോകാതിരിക്കാന്‍ ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം' എന്ന മനോഭാവം പുലര്‍ത്തുകയും ചെയ്യും. എന്നാല്‍ കല്യാണം കഴിഞ്ഞാല്‍, 'ഇപ്പോള്‍ രണ്ടുപേരും ഒന്നായല്ലോ, ഇനി എന്ത് ഇംപ്രസ് ചെയ്യാനാണ്' എന്നൊരു തോന്നല്‍ പലരിലും വരും. അത് എങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കറിയില്ല. എന്നാല്‍ ഉള്ളില്‍ സത്യസന്ധമായ സ്‌നേഹമുണ്ടെങ്കില്‍ വയസ്സായാലും വണ്ണം വച്ചാലും നല്ലൊരു സാരിയൊക്കെ ഉടുത്ത് വന്നാല്‍ ഏത് ഭര്‍ത്താവാണെങ്കിലും നല്ലതേ പറയൂ. എപ്പോഴും പറഞ്ഞില്ലെങ്കിലും ചിലപ്പോഴെങ്കിലും അവര്‍ അത് തുറന്നുപറയും.' വിവാഹശേഷം സ്വന്തം സൗന്ദര്യവും ശരീരവും ശ്രദ്ധിക്കാത്ത സുഹൃത്തുക്കളെക്കുറിച്ചും റോജ പറഞ്ഞു.
'എന്റെ കൂടെ പഠിച്ച ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്, കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞു എന്ന രീതിയിലാണ് അവരുടെ ജീവിതം. കുട്ടിയായിക്കഴിഞ്ഞാല്‍ പിന്നെ ഒരുങ്ങുന്നതും നല്ല സാരിയുടുക്കുന്നതുമൊക്കെ തെറ്റാണെന്ന് വിചാരിക്കുന്നവരുണ്ട്. അതില്‍ എന്താണ് തെറ്റെന്നാണ് ഞാന്‍ ചോദിക്കുന്നത്? നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കണം. കണ്ണെഴുതി, പൊട്ടുതൊട്ട് നല്ലൊരു വസ്ത്രം ധരിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വിലകൂടിയ സാരിയുമുടുത്ത് വലിയ മേക്കപ്പുമിട്ട് നില്‍ക്കാനല്ല പറയുന്നത്. കുളിച്ച്, നല്ലൊരു ചിരിയോടെ 'ഇന്ന് ഓഫീസില്‍ എങ്ങനെയുണ്ടായിരുന്നു' എന്ന് ചോദിച്ച് ഒരു കാപ്പിയൊക്കെ നല്‍കുന്നതാണ് ഏത് ഭര്‍ത്താവും പ്രതീക്ഷിക്കുന്നത്. അത് പണക്കാരനായാലും പാവപ്പെട്ടയാളായാലും അങ്ങനെ തന്നെയാണ്. സന്തോഷത്തോടെ നമ്മള്‍ എന്ത് ചെയ്താലും ആരും നമ്മളെ കുറ്റം പറയില്ല.'
തന്റെ ജീവിതത്തിലും പല ഘട്ടങ്ങളില്‍ വണ്ണത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് റോജ പറഞ്ഞു. 'എന്റെ ജീവിതത്തിലും ഞാന്‍ വണ്ണം വച്ചിട്ടുണ്ട്, മെലിഞ്ഞിട്ടുമുണ്ട്. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവ് സെല്‍വമണിക്ക് ഞാന്‍ സമാധാനം കൊടുത്തിട്ടേയില്ല. സെല്‍വ ആ സമയത്ത് സിനിമയുടെ തിരക്കിട്ട ഷൂട്ടിംഗിലായിരുന്നു. രാത്രി വളരെ വൈകിയാണ് വീട്ടില്‍ വരുന്നത്. എനിക്കാണെങ്കില്‍ ആ സമയത്ത് സെല്‍വ അടുത്ത് തന്നെ വേണം. ഞാന്‍ ഫോണ്‍ വിളിച്ചാല്‍ എപ്പോഴാണെങ്കിലും അദ്ദേഹം ഓടിവരുമായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭാര്യമാര്‍ക്ക് പലതരം ചിന്തകള്‍ വരും.
ഭര്‍ത്താവ് നമ്മളെ ശ്രദ്ധിക്കുന്നില്ലേ, സ്‌നേഹമില്ലേ എന്നൊക്കെ തോന്നും. അത് എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്നതാണ്. അതിനെ കൃത്യമായി ബാലന്‍സ് ചെയ്തു മുന്നോട്ട് പോയാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ഭാര്യയോ ഭര്‍ത്താവോ മനസ്സ് തകര്‍ന്ന് ഡിപ്രഷനിലായ അവസ്ഥയിലാണെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും ആശ്വാസത്തിന്റെ ഒരു 'കംഫര്‍ട്ട് സോണ്‍' നല്‍കണം. 'നീ വിചാരിക്കുന്നത് ശരിയല്ല, നിന്റെ കൂടെ ഞാനുണ്ട്; മുന്‍പ് എങ്ങനെയാണോ ഇപ്പോഴും അങ്ങനെ തന്നെയാണ്' എന്നൊരു വിശ്വാസം നല്‍കുക, അതുമാത്രം മതിയാകും.' - റോജ കൂട്ടിച്ചേര്‍ത്തു.