കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകാനായി ആരംഭിച്ചിരിക്കുന്ന സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്ൽ ഭക്ഷണം വിളമ്പാനും ഉണ്ടാക്കാനും ബോളിവുഡ് നടൻ രൺദീപ് ഹൂഡയെത്തിയത് ഏവർക്കും ആവേശമായി. കൊച്ചിയിലെ ഗുരുദ്വാരയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചേർന്ന് താൻ സ്ഥിരമായി സഹകരിക്കുന്ന സിഖ് സമൂഹ അടുക്കളിൽ പങ്കുചേരാൻ മുബൈയിൽ നിന്നും ആണ് താരം കൊച്ചിയിലേക്ക് എത്തിയത്.
യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന സിഖ് സംഘടനയുടെ വോളന്റിയർമാരാണ് ദുരന്തത്തിനിരയായ മലയാളികൾക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെത്തിയത്.കൊച്ചിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയോടെ എത്തിയ വോളന്റിയർമാർ സിഖ് സമൂഹത്തിന്റെ സൗജന്യ സമൂഹ അടുക്കള ആരംഭിച്ചു. തേവരയിൽ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്. ഇവിടെ ആരംഭിച്ച റിലീഫ് ക്യാമ്പിൽ മൂവായിരം പേർക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്നു.
ലുധിയാനയിൽ നിന്നുള്ള ജൻപീത് സിങ്ങും ഡൽഹിയിൽ നിന്നുള്ള ഇന്ദ്രജിത് സിങ്ങും ഖാനയിൽ നിന്നുള്ള ജസ്ബീർ സിങ്ങും ജലന്ധറിൽ നിന്നുള്ള നവ്പാലൽ സിങ്ങും ആണ് ഖൽസ എയിഡിന്റെ ആദ്യ ടീമിന്റെ ഭാഗമായി കേരളത്തിലെത്തിയത്. ഇവരെ സഹായിക്കാൻ പ്രാദേശികമായി എട്ടു വോളന്റിയർമാരുണ്ട്.
നാടകനടനായിരുന്ന രൺദീപ് ഹൂഡ മൺസൂൺ വെഡ്ഡിങ് എന്ന മീര നായർ ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. വൺസ് അപോൻ എ ടൈം ഇൻ മുംബൈ, ജന്നത്, സാഹെബ്, ബീവി ഓർ ഗ്യാങ്സ്റ്റർ, ജിസം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.