നടി രമ്യ പാണ്ഡ്യന് വിവാഹിതയായി. യോഗ മാസ്റ്റര്‍ ആയ ലോവല്‍ ധവാനാണ് വരന്. ഋഷികേശിലെ ഗംഗാ തീരത്തുവച്ച് നടന്ന വിവാഹ ചടങ്ങില്‍ ഇരു വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് രമ്യയുടെ കൈ പിടിച്ചുകൊടുത്തത് ചെറിയച്ഛനും നടനുമായ അരുണ്ഡ പാണ്ഡ്യനാണ്. അരുണ്‍ പാണ്ഡിയന്റെ മകളും നടിയുമായ കീര്‍ത്തി പാണ്ഡിയനും, ഭര്‍ത്താവും നടനുമായ അശോക് സെല്‍വനും വിവാഹത്തില്‍ പങ്കെടുത്തു.
തമിഴ് ഹിന്ദു ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വേഷ്ടിയും ഷര്‍ട്ടുമാണ് വരന്റെ വേഷം, ചുവന്ന പട്ടുസാരിയില്‍ രമ്യ അതീവ സുന്ദരിയായി കാണപ്പെട്ടു. വിവാഹം വളരെ ലളിതമായി നടത്തിയെങ്കിലും, സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് വേണ്ടി ചെന്നൈയില്‍ ഒരു ഗംഭീര സത്കാര പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. നവംബര്‍ 15 നാണ് ചെന്നൈയില്‍ വച്ചു നടക്കുന്ന വെഡ്ഡിങ് റിസപ്ഷന് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.
വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് ശേഷം നിരവധി സെലിബ്രിറ്റികളാണ് നവ വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രമ്യ നേരത്തെ പങ്കുവച്ചിരുന്നു. ലോവല്‍ ധവാന്റെ മുഖം മറച്ചുവച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബെംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്. 2023 ല്‍ ആണ് രമ്യ പാണ്ഡ്യന് യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. ലോവലുമായി നല്ല സൗഹൃദത്തിലായി, അത് പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാര്‍ സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ യോഗ ട്രെയിനറും, ലൈഫ് കോച്ചും മാത്രമല്ല ലോവല്‍ ധവാന്. ലുധിയാനയിലും പഞ്ചാബിലും മറ്റ് പലയിടങ്ങളിലുമായുള്ള പ്രശസ്ത പബ്ലിക് ലബോര്‍ട്ടറിയുടെ ഉടമസ്ഥനാണ്. ലുധിനായ സ്വദേശിയായ അധവാന് ആണ് ലോവലിന്റെ പിതാവ്.തിരുനല്‍വേലി സ്വദേശിയായ രമ്യ പാണ്ഡ്യന് മുന്‍ സിനിമ സംവിധായകന് ദുരൈ പാണ്ഡിയുടെ മകളാണ്. ഡമ്മി ടപ്പാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമാ അരങ്ങേറ്റം. ജോക്കര്‍, ആണ് ദൈവതൈ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രമ്യ ശ്രദ്ധിക്കപ്പെട്ടത് കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് തമിഴ് സീസണ് 4 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ്.
കുക്ക് വിത്ത് കോമാളിയില്‍ സെക്കന്റ് റണ്ണറപ്പും, ബിഗ്ഗ് ബോസ് തമിഴ് സീസണ് 4 ല്‍ തേഡ് രണ്ണറപ്പും ആയിരുന്നു രമ്യ പാണ്ഡ്യന്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതിലൂടെയാണ് മലയാളികള്‍ക്ക് രമ്യയെ പരിചയം.