താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ നടിമാര്‍ക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദം. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ നടി പാര്‍വതി അടക്കം രംഗത്ത് എത്തിയിരുന്നു. പിന്നാലെ കമ്മിറ്റി അംഗമായ നടി രചന നാരായണന്‍കുട്ടി വിശദീകരണവും നല്‍കിയിരുന്നു.
''സെന്‍സിബിള്‍ എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാന്‍. ഞാനും പ്രതികരിക്കുന്നയാളാണ്. എന്തിനൊക്കെ വേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു. സെന്‍സ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത്'' എന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം. ഇങ്ങനെയാണ് പ്രതികരണമായി കൂട്ടിച്ചേർത്തത്. ഒരു ചിത്രത്തിന്റെ പേരില്‍ അവിടെ ഇല്ലാതിരുന്ന ആളുകള്‍ കമന്റ് ചെയ്തപ്പോള്‍ ഐ ഫെല്‍റ്റ് ബാഡ്. പലരും അനാവശ്യമായി പ്രതികരിക്കുകയാണ്. സംഘടനയിലെ നല്ല കാര്യങ്ങള്‍ ഇവര്‍ കാണുന്നില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ പറഞ്ഞു തീര്‍ക്കാനുള്ളത് അവിടെ തന്നെ തീര്‍ക്കുമെന്നും പുറത്ത് പറയാന്‍ മാത്രമൊന്നും സംഘടനയില്‍ ഇല്ലെന്നും. ഒരു ഫംഗ്ഷന്‍ നടക്കുമ്പോള്‍ അതിന്റെ പ്രധാന അതിഥികള്‍ ആകും അവിടെ ഉണ്ടാവുക. ഞാനും ഹണിയും മാത്രമല്ല, അപ്പുറത്ത് ശ്വേത ചേച്ചിയുണ്ടായിരുന്നു. ഇന്ദ്രന്‍സ് ചേട്ടനുണ്ടായിരുന്നു. സുധീറേട്ടനും അജുവുമൊക്കെ ഉണ്ടായിരുന്നു. ഫോട്ടോ വന്നപ്പോള്‍ ഞാനും ഹണിയും മാത്രമായി. പലരും കഥ അറിയാതെ ആട്ടം കണ്ടതാണെന്നും അപ്പോള്‍ മറുപടി കൊടുക്കണ്ടേയെന്നും രചന ചോദിക്കുന്നു.
നേരത്തെ ആരാണ് ഈ പാര്‍വതി എന്ന രചനയുടെ പ്രതികരണം വലിയ വിവാദമായി മാറിയിരുന്നു. അമ്മയുടെ നിലപാടിനെതിരെ രംഗത്ത് വന്ന പാര്‍വതിയെ രചന അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. പിന്നാലെ താരങ്ങളായ ഹരീഷ് പേരടി, രേവതി സമ്പത്ത് തുടങ്ങിയവര്‍ പാര്‍വതിക്ക് പിന്തുണയുമായി എത്തിയിരുന്നു.