മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പം ശോഭന സമയം ചിലവിട്ടത്. ആരാധകര്‍ക്ക് അധികം മുഖം കൊടുക്കാനിഷ്ടമല്ലാത്ത ശോഭനയുടെ പുതിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാനായിട്ടാണ് ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. അഭിമുഖങ്ങളില്‍ പോലും കാണാത്ത ശോഭനയെ പെട്ടെന്ന് ലൈവില്‍ കണ്ടത് ആരാധകരെയും ഞെട്ടിച്ചു. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു നിന്ന വിഡിയോയില്‍ മറുപടി പറഞ്ഞു.
സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടും ഒരുപാട് പോസിറ്റിവിറ്റി ഉള്ളതു കൊണ്ടുമാണ് ഒരിക്കല്‍ സിനിമ വിട്ടതെന്നും ശോഭന വിഡിയോയില്‍ പറഞ്ഞു. 'സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്‌നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്‌നെസ്സ് സിനിമ നല്‍കും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്' ശോഭന പറഞ്ഞു.
മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പരാമര്‍ശിച്ചു. മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയില്‍ വെളിപ്പെടുത്തി. മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80– െഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.