ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് ശാന്തകുമാരി. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും എല്ലാം ഒരു പോലെ തിളങ്ങിയ നടിയെ കുറച്ചു കാലമായി വെള്ളിത്തിരയില്‍ കാണാറില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച് എല്ലാവര്‍ക്കും പരിചിതയായ നടിയാണ് ശാന്തകുമാരി. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികള്‍ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയെ പോലെയുള്ള നിരവധി പേരെ ഇപ്പോള്‍ സിനിമകളിലൊന്നും കാണാറില്ല. അടുത്തിടെ ഇത്തരത്തില്‍ അമ്മ വേഷം സ്ഥിരമായി ചെയ്തിരുന്ന കുറച്ച് പേരെ പ്രേക്ഷകര്‍ ഒരുമിച്ച് കണ്ടത് ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ 2018 എന്ന ചിത്രത്തിലാണ്.
ഏറെ കാലത്തിനു ശേഷമാണ് നടി ശാന്തകുമാരി ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ ശാന്തകുമാരി ജീവിച്ചതു മുഴുവന്‍ മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയായിരുന്നു. രണ്ടു പെണ്‍മക്കളായിരുന്നു ശാന്തകുമാരിയ്ക്ക്. മൂത്തവളുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മകളുടെ വിവാഹത്തിന് പണം തികയാതെ വന്നു. വിവാഹം പോലും മുടങ്ങിപ്പോകുമെന്ന സാഹചര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ശാന്തകുമാരിയ്ക്ക് മുന്നിലേക്ക് ദൈവദൂതനെ പോലെയാണ് ആ സഹായമെത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ മോഹന്‍ലാല്‍ കൊടുത്തയച്ച പണമാണ് ശാന്തകുമാരിയുടെ മകളുടെ ജീവിതം കരയ്ക്കെത്തിച്ചത്. മോഹന്‍ലാലുമായി വളരെ വലിയ ആത്മബന്ധമാണ് ശാന്തകുമാരിയ്ക്കുള്ളത്. വിയറ്റ്നാം കോളനി എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണത്. ഷൂട്ടിംഗിനിടെ നടി ഫിലോമിനയുടെ പഴുത്തിരിക്കുന്ന കാല് കണ്ടിട്ടും ഒരറപ്പും വെറുപ്പും കാണിക്കാതെ അവരെ എടുത്തു കൊണ്ടു പോയ മോഹന്‍ലാലിന്റെ മനസിന്റെ വലുപ്പം അന്നാദ്യമായി ശാന്തകുമാരി നേരില്‍ കണ്ടു. അങ്ങനെ തുടങ്ങിയ സ്നേഹമാണ് മകളുടെ വിവാഹം പോലും മുടങ്ങിപ്പോകുന്ന അവസ്ഥയില്‍ ശാന്തകുമാരിയ്ക്ക് ആശ്വാസമായി മാറിയത്. അതോടൊപ്പം ജഗതിയും സിദ്ദിഖ് ലാലുമെല്ലാം സഹായങ്ങളുമായി എത്തി.
മക്കള്‍ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞതോടെ ശാന്തകുമാരി തനിച്ചായി പോയി. അതിനു ശേഷം നടിയെ കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായി. സുഖമില്ലാതായി എന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെന്നുമെല്ലാം വാര്‍ത്തകള്‍ പരന്നു. നിരവധി അവസരങ്ങളും ഇതിനെ തുടര്‍ന്ന് നഷ്ടപ്പെട്ടു. അതിലൊന്നായിരുന്നു മമ്മൂട്ടി നായകനായ തുറപ്പുഗുലാനിലെ അവസരം. അഞ്ച് ദിവസത്തെ ഷൂട്ടുണ്ടാകുമെന്ന് അറിയിച്ചതാണ്. എന്നാല്‍ നടിയ്ക്ക് വയ്യെന്ന വാര്‍ത്ത പരന്നതോടെ അവര്‍ വാഹനം അയച്ചില്ല. വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു അവര്‍. ഒരസുഖവും ഉണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു.
അവസരങ്ങള്‍ കിട്ടാതായതോടെ സാമ്പത്തികമായി തളര്‍ന്ന ശാന്തകുമാരിയ്ക്ക് തലചായ്ക്കാന്‍ പോലും ഒരിടമില്ലാതായി. തുടര്‍ന്ന് 13 വര്‍ഷത്തോളം ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചത്. ഈ പതിമൂന്ന് വര്‍ഷവും ഓരോരുത്തരായിരുന്നു ആഹാരം എത്തിച്ചു നല്‍കിയത്. ആരോടും തന്റെ അവസ്ഥ നടി പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് നടന്‍ ദിലീപ് എങ്ങനെയോ നടിയുടെ അവസ്ഥ അറിഞ്ഞത്. അങ്ങനെയാണ് ഒരു വീട് കിട്ടിയത്. ദിലീപിനും മോഹന്‍ലാലിനും പുറമെ ജയസൂര്യ, വിനീത്, ഗണേഷ് കുമാര്‍ എന്നിവരെല്ലാം മുന്‍കൈയ്യെടുത്താണ് നടിയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. അതിനു ശേഷമാണ് സ്വന്തം വീട്ടിലേക്ക് നടി മാറിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സീരിയലുകളിലോ സിനിമകളിലോ നടിയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഏറെക്കാലത്തിനു ശേഷമാണ് ശാന്തകുമാരി 2018 എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.