ഷാജി കൈലാസ് നിര്‍മ്മിച്ച് കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ തിയേറ്ററുകളിലേക്ക് എത്താന്‍ തയ്യാറാവുകയാണ്. ഐ.വി.ശശി-ടി. ദാമോദരന്‍ കൂട്ടുകെട്ടിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയവും ശക്തമായ കുട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ സിനിമകള്‍. തലസ്ഥാനം, കമ്മിഷണര്‍, ഏകലവ്യന്‍, കിംഗ് തുടങ്ങിയ ഒട്ടനവധി തകര്‍പ്പന്‍ ഹിറ്റുകളാണ് ഈ കുട്ടുകെട്ട് സമ്മാനിച്ചത്. ഇപ്പോള്‍ ഇതേ ടീമിന് രൂപപരിണാമം സംഭവിച്ചിരിക്കുന്നു. താക്കോലില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മ്മാതാവിന്റെ റോളിലാണ്. മലയാള സിനിമ ഇഷ്ടപ്പെട്ട ശക്തനായ തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ അഭിനേതാവിന്റെ റോളിലും. എഴുത്തുകാരനായ കിരണ്‍ പ്രഭാകര്‍ സംവിധായകനായി മാറിയ താക്കോലില്‍ ഒരു പ്രധാന റോള്‍ കയ്യാളുന്നത് രണ്‍ജി പണിക്കരാണ്.
ക്ലമന്റ് അപ്പാപ്പനെന്നും ക്ലമന്റ് മുതലാളിയെന്നും വിളിക്കപ്പെടുന്ന കുഴിമറ്റത്ത് ക്ലമന്റിനെയാണ് താക്കോലില്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങള്‍ പതുക്കെ പതുക്കെയാണ് സിനിമയില്‍ റിവീല്‍ഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടര്‍ച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെക്കുറിച്ചും ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അതിന്റെ മാനറിസങ്ങളെക്കുറിച്ചും തനിക്ക് ഏറെ പ്രിയപ്പെട്ട നെടുമുടി വേണുവുമായുള്ള കോമ്പിനേഷന്‍ സീനിനെക്കുറിച്ചും തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും രണ്‍ജി പണിക്കര്‍ സിനി ലൈഫിനോട് സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്....
മലയാള സിനിമയില്‍ ഒരു കാലത്ത് ശക്തമായി നിലനിന്ന ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് താക്കോല്‍ എന്ന സിനിമയിലൂടെ വേറെ രൂപത്തില്‍ വരികയാണ്. എന്താണ് താക്കോലിലെ കഥാപാത്രത്തിന്റെ ഒരനുഭവം?
ഈ സിനിമയ്ക്ക് ആകമാനം ഒരു മിസ്റ്ററിയുണ്ട്. ഒരു രഹസ്യാത്മകതയുണ്ട്. അതിന്റെ ഒരു നിഗൂഢതയുണ്ട്. ആ നിഗൂഢതയുടെ ഭാഗമാണ് ഈ കഥാപാത്രം. ഇയാള്‍ എന്താണ് എന്നതിനെക്കുറിച്ച് പതുക്കെ പതുക്കെയാണ് ഈ സിനിമയിലൂടെ റിവീല്‍ ചെയ്യുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങള്‍ പതുക്കെ പതുക്കെയാണ് സിനിമയില്‍ റിവീല്‍ഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടര്‍ച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം.
മികച്ച തിരക്കഥാകൃത്ത് എന്ന രീതിയില്‍ താക്കോലിലെ തിരക്കഥയെ എങ്ങിനെ കാണുന്നു?
മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ഒരു ബുദ്ധിമോശം എനിക്കില്ല. എന്നെക്കാള്‍ മികച്ച തിരക്കഥാകൃത്തുക്കളെ കണ്ട ഭാഷയാണ്, ഇപ്പോഴും മികച്ച തിരക്കഥാകൃത്തുക്കള്‍ ഉള്ള ഭാഷയാണ്. ഞാന്‍ ചില പ്രത്യേകതരം സിനിമകള്‍ ചെയ്തു പോയ ഒരാള്‍ എന്നതിനേക്കാള്‍ കവിഞ്ഞ ഒരു പ്രസക്തി ഞാന്‍ അവകാശപ്പെടില്ല. അതെന്റെ അതിവിനയം കൊണ്ടല്ല. എനിക്ക് സാമാന്യം ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ സിനിമയുടെ തിരക്കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം ഇഷ്ടവും താത്പര്യവും കൗതുകവും തോന്നിച്ചിട്ടുള്ള എഴുത്തുകാരനാണ് കിരണ്‍.
കിരണ്‍ പലപ്പോഴും എന്റെ അടുക്കല്‍ കഥകള്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകള്‍ക്കൊക്കെ മറ്റാരിലും കേട്ടിട്ടില്ലാത്ത ഒരു തലം, ആ തലത്തിലുള്ള കഥകള്‍ ആണ് കിരണ്‍ പറഞ്ഞത്. ഈ കഥകള്‍ക്കൊക്കെ വലിയ കൗതുകങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഫുള്‍ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കിരണ്‍ ഈ സിനിമയെക്കുറിച്ച് ഒരൊറ്റ വരിയില്‍ പറഞ്ഞ ഒരു സംഗ്രഹം എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചു എന്നാണ്. ഈ കഥാപാത്രത്തെക്കുറിച്ചും അതിലേറെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചോദിച്ചറിയാന്‍ താല്‍പര്യപ്പെട്ടില്ല.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ കിരണ്‍ എന്നിലുണ്ടാക്കിയ അമിതമായ വിശ്വാസംകൊണ്ടും ഞാന്‍ അങ്ങിനെ ഒരെഴുത്തുകാരനായി കിരണിനെ വിലയിരുത്തുന്നതുകൊണ്ടുമാണ്. ഞാന്‍ താക്കോലിന്റെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടില്ല. പക്ഷെ ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും പിന്നീടും ഈ സിനിമയെക്കുറിച്ച് ഞാന്‍ മനസിലാക്കിയിടത്തോളം, ഞാന്‍ കണ്ട രംഗങ്ങള്‍ എനിക്ക് വളരെ ഹൃദ്യമായി തോന്നി. വളരെ വ്യത്യസ്തമായ ഒരു സിനിമ എന്ന് പറയുന്ന ഒരു സമ്പ്രദായമുണ്ടെങ്കില്‍ പോലും എനിക്ക് ഉറപ്പു തോന്നിയ കാര്യം ഈ സിനിമ വ്യത്യസ്തമായിരിക്കും എന്നാണ്. വളരെ വ്യത്യസ്തവും ഉദ്വേഗജനകവുമായ ഒരു സിനിമ ആയിരിക്കും ഇത്. ഈ തിരക്കഥയുടെ ക്രാഫ്റ്റ് മലയാള സിനിമയില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരം ഒരു വഴി തുറക്കല്‍ ഈ ക്രാഫ്റ്റിലുണ്ട് എന്നും ഞാന്‍ കരുതുന്നു. ഒരു സിനിമ അതിന്റെ ടോട്ടാലിറ്റിയില്‍ വിലയിരുത്തപ്പെടുമ്പോള്‍ ഈ സിനിമയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അത് ഈ സിനിമയെ വേറിട്ട് നിര്‍ത്തുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.
ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ചെയ്തു. അത്തരം കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആ മാനറിസങ്ങള്‍ ഒന്നും ഇല്ലാത്ത കഥാപാത്രമാണോ ഇത്?
എന്റെ അംശങ്ങള്‍ തീരെ ആവശ്യമില്ലാത്ത ഒരു സിനിമയാണ്. രണ്‍ജി പണിക്കര്‍ എന്ന വ്യക്തിയുടെ ചേഷ്ടകളോ ശരീരഭാഷയോ അല്ലെങ്കില്‍ സംഭാഷണ രീതികളോ ഒന്നും തന്നെ ഈ കഥാപാത്രത്തിന് ആവശ്യമില്ല എന്ന് മാത്രമല്ല അതിനൊന്നും പ്രയോഗ സാധ്യതയുമില്ല. ഈ കഥാപാത്രം ആവശ്യപ്പെടുന്നത് വേറൊരുതരം ബോഡി ലാംഗ്വേജ്ജും വേറൊരുതരം അപ്പിയറന്‍സും വേറൊരുതരം സംഭാഷണ രീതിയും ശബ്ദവും ഒക്കെയാണ്. അത് പൂര്‍ണമായും ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, അതിന്റെ ഒരു ചലഞ്ച് വളരെ കൂടുതലാണ്. സാധാരണ ഒരു കഥാപാത്രത്തില്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും നമ്മളുടെ അംശങ്ങള്‍ കടന്നുകൂടും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. പക്ഷെ ഇത് ഒട്ടും തന്നെ പഴുത് തരാത്തവിധം വേറൊരു കഥാപാത്രമാണ്.
സംവിധായകനോട് സംസാരിച്ചപ്പോള്‍ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ വളരെ ആഴത്തില്‍ മനസിലാക്കിയിട്ടാണ് ഈ കഥാപാത്രം ചെയ്തത് എന്നാണ് പറഞ്ഞത്. അതിനു ഹോംവര്‍ക്ക് ആവശ്യം വന്നോ?
കഥാപാത്രത്തിനെക്കുറിച്ച് ഒരു മുന്‍ ധാരണയുമില്ലാതെയാണ് ഞാന്‍ ലൊക്കേഷനില്‍ ചെന്നത്. എനിക്ക് രണ്ടു മൂന്നു സീനുകള്‍ അയച്ചു തന്നു. അതല്ലാതെ ഈ കഥാപാത്രത്തിന്റെ രൂപം എന്താണ്, അതിനെ സംബന്ധിച്ചും ഈ കഥയില്‍, കഥയുടെ ഘടനയില്‍ ഈ കഥാപാത്രത്തിന്റെ ഇരിപ്പ് എന്താണ് എന്നതിനെക്കുറിച്ചും എനിക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നില്ല. പക്ഷെ സീന്‍ തുടങ്ങുമ്പോള്‍ പതുക്കെ നമ്മള്‍ കഥാപാത്രമായി മാറുന്നത് നമ്മളും മനസിലാക്കുന്നു എന്നാണ്. അങ്ങിനെയൊരു മാറ്റമാണ് സത്യത്തില്‍ സംഭവിച്ചിട്ടുള്ളത്. വലിയ ഹോം വര്‍ക്കോ അല്ലെങ്കില്‍ വലിയ തയ്യാറെടുപ്പോ ഒന്നും ഇല്ലാതെ വെറും കയ്യോടെ അഭിനയിക്കാന്‍ ചെല്ലുകയും സംവിധായകന്‍ നമുക്ക് ഈ കഥാപാത്രത്തിന്റെ, സിനിമയില്‍ എന്താണ് കഥാപാത്രം എന്നതിനെ സംബന്ധിച്ചും അയാളുടെ ഭാഷയെന്താണ്? അയാളുടെ സ്‌ളാങ് എന്താണ്? അയാളുടെ ശരീരഭാഷ എന്താണ്? അയാളുടെ വേഷം എന്താണ്? കാഴ്ചയില്‍ അയാള്‍ എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ചും അയാളുടെ വിനിമയങ്ങളെ സംബന്ധിച്ചും ഒരേകദേശ രൂപം തരുമ്പോള്‍ നമ്മള്‍ അതിനു സജ്ജമാവുകയും അത് ക്യാമറയുടെ മുന്നില്‍ അതങ്ങിനെ നമുക്കും കൂടി റിവീല്‍ ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് സംഭവിക്കുക. ഇത്തരം കഥാപാത്രങ്ങളുടെ കാര്യത്തില്‍.
നെടുമുടി-രണ്‍ജി പണിക്കര്‍ കോമ്പിനേഷന്‍ സീന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. എങ്ങിനെയായിരുന്നു അതിന്റെ ഒരു കെമിസ്ട്രി രൂപപ്പെട്ടത്?
വേണുച്ചേട്ടനും ഞാനുമായി ഒരു വലിയ വ്യക്തിബന്ധമുണ്ട്. ഞങ്ങള്‍ ഒരു പ്രദേശത്ത് നിന്നുമുള്ള ആളുകളാണ്. ഒരേ നാട്ടിന്റെ രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവിലുള്ള രണ്ടു വീടുകളില്‍ നിന്നുമുള്ളവര്‍. ഞങ്ങള്‍ തമ്മില്‍ പലതരത്തില്‍ ബന്ധങ്ങളുണ്ട്. പിന്നെ ഞാന്‍ എന്റെ കുട്ടിക്കാലം മുതല്‍ വലിയ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒരു കലാകാരനാണ്. വേണുച്ചേട്ടന്‍ മിമിക്രിയില്‍ തുടങ്ങിയ കാലം, കാവാലത്തിന്റെ അവനവന്‍ കടമ്പയില്‍ കണ്ട കാലം, കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകന്‍ ആയി കണ്ട കാലം, പിന്നീടിങ്ങോട്ട് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാന്‍ സിനിമയില്‍ വന്നതിനു മുന്‍പും അതിന് ശേഷവും ഞാന്‍ വളരെ ബഹുമാനത്തോടും ആദരവോടും സ്‌നേഹത്തോടും നോക്കിക്കാണുന്ന കലാകാരനാണ് നെടുമുടി വേണു.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുമ്പോള്‍, ഇങ്ങിനെ ഒരു രസകരമായ കോമ്പിനേഷനില്‍ അഭിനയിക്കുക എന്ന് പറയുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ അവസരവും അംഗീകാരവുമാണ്. സിനിമ കാണുമ്പോള്‍ ആ കെമിസ്ട്രി എങ്ങിനെ സംഭവിച്ചു എന്നുള്ളത് കാണാന്‍ കഴിയും. അത് ആസ്വദിക്കാനും കഴിയും. അതാണെന്റെ വിശ്വാസം.
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുമ്പോള്‍ അതില്‍ ഒരു ചാലഞ്ച് ഇല്ലേ?
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുക എന്ന് പറയുമ്പോള്‍ അത് ഒരു സാധ്യതയും ഒരു ചാലഞ്ചുമാണ്. അത് പ്രയോഗിക്കുന്ന ഒരു ക്രാഫ്റ്റ് ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്. ഇതിന്റെ ഒരു നര്‍മ്മം, ആദിമധ്യാന്തം ഇതിന്റെ ഒരു നര്‍മ്മം വളരെ സജീവമാണ്. പക്ഷെ അതിലൂടെ പറഞ്ഞുപോകുന്ന കാര്യങ്ങള്‍ക്ക് വേറൊരു തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാനും അനുഭവിക്കാനും കഴിയുകയും ചെയ്യും.
ജീവിതത്തിലെ നന്മ വെളിപ്പെടുത്തുന്ന കഥയും കഥാപാത്രങ്ങളുമാണോ താക്കോലില്‍ ഉള്ളത്?
കഥയും കഥാപാത്രങ്ങളെയും കുറിച്ച് സമഗ്രമായി സംസാരിക്കേണ്ടത് ഞാനല്ല. ഞാന്‍ ഒരു കഥാപാത്രം ചെയ്ത ആളാണ്. സംവിധായകനും എഴുത്തുകാരനുമായ കിരണ്‍ വേണം അത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍.