കൊച്ചി : അത്യാധുനിക എന്‍ഫേസ് സാങ്കേതികവിദ്യയുടെ കരുത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ചലച്ചിത്രതാരം മരണശേഷം കഥാപാത്രമായി വീണ്ടും സിനിമയിലെത്തുന്നു. എം.ജി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 3ഡി ഡിജിറ്റല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.
താരത്തിന്റെ മുഖഭാവങ്ങളും പെരുമാറ്റരീതികളും അതേപടി പകര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നിക് ഉപയോഗിച്ചാണു സിനിമയുടെ നിര്‍മാണം. മലേഷ്യന്‍ കമ്പനിയായ ഗ്ലോബല്‍ മീഡിയ ടെക്നോളജിയാണ് ഈ സൃഷ്ടിക്കു പിന്നില്‍. രണ്ടുവര്‍ഷമായി ഇതിന്റെ സാങ്കേതിക ഗവേഷണങ്ങളിലും വിവരശേഖരണത്തിലുമാണു കമ്പനി. തമിഴിലെ പ്രശസ്ത സംവിധായകന്‍ പി. വാസു ചിത്രം ഒരുക്കും.
എം.ജി.ആറിന്റെ ബാല്യംമുതലുള്ള പ്രധാന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണു കഥ. ഇന്ത്യക്കു പുറമേ അമേരിക്ക, സിംഗപ്പുര്‍, ജപ്പാന്‍, ചൈന, തായ്ലന്റ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. ഇന്ത്യന്‍ നടന്മാര്‍ക്കൊപ്പം രാജ്യാന്തര താരങ്ങളും അണിനിരക്കും.
മലേഷ്യയിലെ പ്രശസ്തമായ ഓറഞ്ച് കൗണ്ടിയാണ് നിര്‍മാണം. എം.ജി.ആറിന്റെ മേക്കപ്പ്മാനായിരുന്നു പി. വാസുവിന്റെ അച്ഛന്‍.
ചെറുപ്പംമുതല്‍ എം.ജി.ആറിനെ തൊട്ടരികില്‍നിന്നു കാണാന്‍ അവസരം ലഭിച്ച വാസുവിനേക്കാള്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ യോഗ്യനായ മറ്റൊരാളില്ലെന്ന് ഓറഞ്ച് കൗണ്ടി സി.ഇ.ഒ: ദത്തോ മാര്‍ഗളി പളനി പറഞ്ഞു.