മലയാളി പ്രേക്ഷകർക്ക് ഇടയിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാമായി ഒരുപോലെ തിളങ്ങി നിന്നിരുന്ന നടനാണ് രവി വള്ളത്തോൾ. സിനിമയേക്കാൾ ഉപരി ടെലിവിഷൻ പരമ്പരകളിലായിരുന്നു അദ്ദേഹം സജീവമായിരുന്നത്. എല്ലാവരോടും അടുത്ത ബന്ധം പുലർത്തിയിരുന്ന താരത്തിന്റെ വിയോഗം ഏവരും ഞെട്ടലോടെയാണ് കേട്ടിരുന്നത്. താരത്തിന്റെ അന്ത്യം ഏപ്രിൽ 26 ന് ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ വസതിയിലായിരുന്നു.
മമ്മൂട്ടിയുമായി ഏറെ സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് രവി വള്ളത്തോൾ. എന്നാൽ തന്റെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് മമ്മൂട്ടി രവിയുടെവിയോഗത്തെ തുടർന്ന് പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകൻ കൂടിയായിരുന്നു രവിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നടി കാലടി ഓമന ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്.
മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നുവിളിക്കപ്പെട്ട സൗന്ദര്യത്തിന് ഉടമയായിരുന്നു രവി വള്ളത്തോള്‍. അതേ രവിക്ക് സിനിമയില്‍ ഏറ്റവും ആരാധനയുണ്ടായിരുന്നതും മമ്മൂട്ടിയോടായിരുന്നു.'എന്ത് പറഞ്ഞാലും എനിക്ക് മമ്മൂട്ടിയെപ്പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് പറയും. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുപാട് ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്. അതില്‍ രവി മീശ പിരിച്ചും അല്ലാതെയുമൊക്കെ നില്‍ക്കുന്നത് കാണാം. എപ്പോഴും മമ്മൂട്ടിയുടെ രൂപവും പൗരുഷവുമൊക്കെയായിരുന്നു രവിയുടെ മനസ്സിനകത്ത്.
അടൂർ ചിത്രങ്ങളിലെ സ്ഥിരമുഖമായിരുന്നു വള്ളത്തോളിന്റെത്.അവര്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്നും കാലടി ഓമന പറഞ്ഞു.അടൂര്‍ സാര്‍ നിഴല്‍ക്കുത്ത് എന്ന സിനിമയെടുക്കുമ്പോള്‍ അതില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ പറഞ്ഞത് രവിയാണ്, ചിത്രത്തിൽ ഒരു സീനെങ്കിലുമുണ്ടെങ്കില്‍ രവി എന്റെ പേരും പറയുമായിരുന്നുവെന്നും കാലടി ഓമന തുറന്ന് പറയുന്നു.
രവിയുടെ വിയോഗത്തിൽ നടൻ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍-എന്നായിരുന്നു മമ്മൂട്ടി കുറിച്ചിരുന്നതും.