പാവാട എന്ന ചിത്രത്തിന് ശേഷം നാലു വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ തന്റെ പുത്തന്‍ ചിത്രവുമായി എത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യെസ് അപ്പാ പ്രേക്ഷകരില്‍ എത്തുമ്പോള്‍ സമ്മിശ്രമായ പ്രതികരണം തന്നെയാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടിരിക്കാം എന്നതിലുപരി മുകളിലേക്ക് പോയോ എന്നത് മാത്രമാണ് സംശയം. ഗ്രാമത്തിലുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ മാതാപിതാക്കളുടേയും മൂന്ന് ആണ്‍ മക്കളുടെയും കഥയാണ് ചിത്രം. സ്നേഹ ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ കഥയില്‍ നായകനെ വരച്ചു കാട്ടിയിരിക്കുന്നത് വ്യത്യസ്ഥമായ രീതിയിലാണ്.
പരിശുദ്ധനായ 'കള്ള കുഞ്ഞാട്'
ചെറുപ്പം മുതല്‍ തന്നെ കള്ളത്തരത്തിന്റെ ഉസ്താദായ ജോണി യുവാവാകുന്നത് വരെ കാട്ടിയ ചെറുതും വലുതുമായ കള്ളത്തരങ്ങളും എന്നാല്‍ അതിലൊന്നും പിടിക്കപ്പെടാതെ ഏവര്‍ക്കും മുന്‍പില്‍ പരിശുദ്ധ കുഞ്ഞാട് ഇമേജ് കൊണ്ടു നടക്കുന്ന ജോണിയെയുമാണ് ചിത്രം ഹൈലൈറ്റ് ചെയ്യുന്നത്. ആദ്യ പകുതിയില്‍ തമാശയും മറ്റ് സന്ദര്‍ഭങ്ങളും കൊണ്ട് കഥ പറയുന്നുണ്ടെങ്കിലും ലാഗ് എന്നത് തേന്‍ കുടം പോലെ നിറഞ്ഞിട്ടുണ്ട്.
ഇതിനിടയില്‍ ജോണിയെന്ന കൊച്ചു കള്ളന്‍ സഹോദരങ്ങള്‍ക്കിട്ട് വയ്ക്കുന്ന കിടിലന്‍ പണി തമാശ കലര്‍ത്തി ആദ്യ പകുതി സംവിധായകന്‍ വിളമ്പുകയായിരുന്നു. വിഭവങ്ങള്‍ക്ക് അത്ര രുചിയുണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ എരിവ് കൂടി, പുളി കുറഞ്ഞു, ഉപ്പ് ലേശമാവാം എന്ന് തുടങ്ങിയ കമന്റുകള്‍ പ്രേക്ഷകനില്‍ നിന്നും കേള്‍ക്കേണ്ടി വരും. ആദ്യ പകുതിയുടെ അവസാനം ജോണി നടത്തുന്ന മോഷണമാണ് ഈ കുടുംബത്തിന്റെ കഥ തന്നെ മാറ്റി മറിക്കുന്നത്.
പെരും കള്ളനൊപ്പം ഒരു കുട്ടി കള്ളന്‍ കൂടി വരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാമ്പ്. പക്ഷേ എന്താണ് കഥ പറയുന്നത് എന്നതില്‍ മാര്‍ത്താണ്ഡനും കൂട്ടരും കയറിയ വണ്ടി ഇത്തിരി വൈകിയാണ് ഓടിയത്. സഹോദരനെ വര്‍ഷങ്ങളോളം കള്ളന്‍ എന്ന പട്ടം കൊടുത്തിട്ടും യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വേദന ചിത്രത്തില്‍ അധികം കാണിക്കാതെ തമാശയുടെ മേമ്പൊടി കൊടുത്തത് മാത്രം പ്രേക്ഷകന് അത്രയ്ക്ക് ദഹിച്ചിട്ടില്ല.
കഥാപാത്രങ്ങള്‍ക്ക് തരക്കേടില്ലാത്ത 'പ്രോഗ്രസ് കാര്‍ഡ്'
ഇനി കഥാപാത്രങ്ങളെ പറ്റി പറയാം. കലാഭവന്‍ ഷാജോണ്‍, അനു സിത്താര, ഗീത, വിജയരാഘവന്‍, ടിനി ടോം, ഷറഫുദ്ദീന്‍, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് മികച്ച കൈയ്യടി തന്നെ കൊടുക്കാം. മാര്‍ത്താണ്ഡന്‍ ചിത്രങ്ങളിലെ വിഷ്വല്‍ മാജിക്ക് ഈ ചിത്രത്തിലുമുണ്ട്. പള്ളിപ്പെരുന്നാള്‍ ഉള്‍പ്പടെയുള്ള ഷോട്ടുകളിലെ വര്‍ണ്ണ വിസ്മയം സിനിമയുടെ മികവിന്റെ ഭാഗം തന്നെയാണ്. പക്ഷേ കഥയുടെ കാര്യത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് അല്‍പം മങ്ങല്‍ വരുന്നത്.
രണ്ടാം പകുതിയില്‍ നടി സനുഷയുടെ അനുജന്‍ സനൂപും മംമ്തയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകന്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഓര്‍ക്കാന്‍ സാധ്യതയുള്ളത്. പാവാട എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള മാര്‍ത്താണ്ഡന്റെ ചിത്രത്തിന് പ്രേക്ഷകന്‍ കുറച്ചേറെ പ്രതീക്ഷ വെച്ചിരുന്നുവെന്ന് തിയേറ്റര്‍ വിട്ടിറങ്ങുന്നവര്‍ പറയുന്നു. എന്നിരുന്നാലും കുടുംബവുമൊത്ത് അല്‍പം ചിരിയും കണ്ണീരുമായി കാണാവുന്ന ചിത്രം തന്നെയാണ് ജോണി ജോണി യെസ് അപ്പാ.
ചാക്കോച്ചനിപ്പോഴും 'കൊച്ചന്‍'
കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം വന്ന ചിത്രമായ ജോണിയിലും കുട്ടിത്തവും പയ്യന്‍ സ്വഭാവവും വിടാത്ത കുഞ്ചാക്കോ ബോബനെ കണ്ട സന്തോഷത്തിലാണ് സ്ത്രീ പ്രേക്ഷകര്‍. കള്ളത്തരത്തിന്റെ മറവില്‍ പിടിച്ചു നില്‍ക്കുന്ന 'സല്‍സ്വഭാവിയായ' ജോണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മാര്‍ത്താണ്ഡന്‍ തിരഞ്ഞെടുത്തത് കുഞ്ചാക്കോ ബോബനെയാണ് എന്നതിന് ഫുള്‍ മാര്‍ക്ക് തന്നെ കൊടുക്കാം. നായികാ കഥാപാത്രത്തിലൂടെ അനു സിത്താര പ്രേക്ഷകരുടെ ഉള്ളില്‍ സ്ഥിര പ്രതിഷ്ഠ നേടിയെന്നും പറയാതിരിക്കാന്‍ വയ്യ.
കണ്ടവര്‍ക്ക് കാണാന്‍ പോകുന്നവരോട് പറയാനുള്ളത്
ആദ്യ ദിനം തന്നെ ചിത്രം കണ്ടവര്‍ പറയുന്നത് സിനിമ ഒരു തവണ കണ്ടിരിക്കാന്‍ കൊള്ളാം. അത് പറയുമ്പോഴും മുഖത്ത് ഒരു പൊടിയ്ക്ക് നിരാശയുണ്ടോ എന്നാണ് സംശയം. പാവാടയുടെ വിജയം പ്രേക്ഷകനില്‍ നല്‍കിയ ഒന്നുണ്ട്. ട്വിസ്റ്റ് ഉള്ള കഥയോടെയാകാം മാര്‍ത്താണ്ഡന്‍ പ്രേക്ഷകന് മുന്‍പില്‍ എത്തുക എന്ന് നാലു വര്‍ഷം കരുതിയിരുന്നവര്‍ക്ക് ആ പ്രതീക്ഷ മങ്ങാത്ത വിധം മനം നിറഞ്ഞ് തിയേറ്ററില്‍ നിന്നും പോകാന്‍ സാധിച്ചോ എന്നാണ് സംവിധായകനോടുള്ള ചോദ്യം.
എന്നിരുന്നാലും ദ്വയാര്‍ത്ഥ പ്രയോഗമോ, അശ്ശീല ചുവയോ നിറച്ച് കൃത്രിമ തമാശ നിര്‍മ്മിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചില്ല എന്നത് തന്നെ വലിയ കാര്യം. തിയേറ്ററില്‍ പോയാല്‍ ചിത്രം 'കണ്ടിരിക്കാം' എന്ന് ശരാശരി പ്രേക്ഷകന്‍ പറയുമ്പോള്‍ ടിക്കറ്റെടുത്താല്‍ വലിയ നഷ്ടം വരില്ല എന്ന്് തന്നെ കരുതാം.
അണിയറക്കാരോട്....
കഥയുടെ തിരക്കഥയും സിനിമയുടെ കാമ്പാകുമ്പോള്‍ മസാല ചേരുവ അധികമാകാതെ നോക്കുക...ഇനിയും പ്രതീക്ഷിക്കുന്ന വിഭവത്തിന് രുചി കൂടട്ടെ....
എന്നിരുന്നാലും ഇഴകീറി പരിശോധിക്കുമ്പോഴും ജോണിയ്ക്ക് ആശംസകള്‍ പറയാനും മറക്കുന്നില്ല....ജോണിയ്ക്കും കൂട്ടര്‍ക്കും 'ഹാപ്പി ജേര്‍ണി'.....