'മീ ടു' വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ഹോളിവുഡില്‍ തുടങ്ങിയ വിവാദം ബോളിവുഡും കടന്ന് ഇപ്പോള്‍ മലയാള സിനിമയെയും വിട്ടൊഴിയാതെ പിന്തുടരുന്നു. നടിമാരുടെ തുറന്ന് പറച്ചലിനെത്തുടര്‍ന്ന് ബോളിവുഡില്‍ നാനാ പടേക്കര്‍, അലോക്‌നാഥ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ കുടുങ്ങിയപ്പോഴും ആദ്യം മലയാള സിനിമ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാല്‍ ഒരു വെബ്‌സൈറ്റിലൂടെ പേര് വെളിപ്പെടുത്താതെ യുവനടി സഹപ്രവര്‍ത്തകനായ അലന്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മലയാള സിനിമാ ലോകവും വിവാദച്ചുഴിയില്‍ അകപ്പെട്ടു. പിന്നീട് നടിതന്നെ സമൂഹമാധ്യമത്തിലൂടെ കാര്യങ്ങള്‍ പരസ്യമായി തുറന്നുപറയാന്‍ തയ്യാറായതിലൂടെയാണ് സിനിമാ സെറ്റില്‍ ദുരനുഭവം നേരിട്ടത് ദിവ്യാ ഗോപിനാഥാണെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത്. നാടകത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ ദിവ്യാ ഗോപിനാഥ് സിനിമാജീവിതത്തെക്കുറിച്ച് മറുനാടന്‍ മലയാളിയോട് പങ്കുവയ്ക്കുന്നു.
ദിവ്യയുടെ പഠനകാലം?
എഫ്എസിടി സ്‌കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് പ്ലസ്ടുവിന് സെന്റ് ആന്‍സില്‍ ചേര്‍ന്നു. സെന്റ് സേവിയേഴ്‌സ് കോേളജില്‍നിന്ന് ബിരുദവും എംകോമും പൂര്‍ത്തിയാക്കി. പിന്നീട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് മാസ്റ്റര്‍ ഇന്‍ തീയ്യറ്ററല്‍ ആര്‍ട്‌സ് ചെയ്തു. ഇപ്പോള്‍ എംഫില്‍ ചെയ്യുന്നു.
ക്യാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവോ?
എസ്എഫ്ഐയുടെ ലോക്കല്‍ യൂണിറ്റില്‍ പ്രവര്‍ത്തിച്ചിട്ടുെങ്കിലും ക്യാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. ഞാന്‍ പഠിച്ച സെന്റ് സേവിയേഴ്‌സില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല. എങ്കിലും യുയുസിയും, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണല്ലോ അഭിനയത്തിലേക്ക് എത്തുന്നത്? നാടകാഭിനയത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
യാദൃശ്ചികമായാണ് നാടകത്തിലേക്ക് വരുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സത്യജിത് റായിയുടെ ഒരു സിനിമയുടെ രംഗാവിഷ്‌കാരം നടത്തുന്നതിന് അഭിനയിക്കാന്‍ ആളെ വേണമെന്ന് അറിഞ്ഞു. ഓഡീഷനില്‍ സെലക്ഷന്‍കിട്ടി. അങ്ങനെയാണ് അഭിനയത്തിലേക്കുവരുന്നത്. പിന്നീട് സെന്റ് സേവിയേഴ്‌സില്‍ പഠിക്കുന്ന കാലത്താണ് അഭിനയത്തില്‍ സജീവമാകുന്നത്. അക്കാലത്ത് ഒരു ഓഡീഷനില്‍ പങ്കെടുക്കുകയും ആ നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനയത് വഴിത്തിരിവായി.
പിന്നീടുള്ള നാലു വര്‍ഷങ്ങളില്‍ എംജി യൂണിവേഴ്‌സിറ്റി നാടക മത്സരങ്ങളില്‍ പങ്കെടുക്കകയും സമ്മാനങ്ങള്‍ ലഭിക്കുകയുംചെയ്തു. നാടകത്തോടുള്ള ഇഷ്ടം അങ്ങനെയാണ് തുടങ്ങിയത്. അത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. അവിടെ വച്ചാണ് നാടകത്തെ കൂടുതല്‍ അടുത്തറിയുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് നല്ല സംവിധായകരോടും നാടകപ്രവര്‍ത്തകരോടമൊപ്പം പ്രവര്‍ ത്തിക്കാന്‍ അവസരമൊരുങ്ങി. ഇപ്പോള്‍ ശാകുന്തളം എന്ന നാടകം ചെയ്തുക്കൊണ്ടിരിക്കുന്നു. അത് നവംബറില്‍ അരങ്ങിലെത്തും. അതോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളുംകൂടി ദ്രാവിഡ എന്റര്‍ടെയ്‌മെന്റ്‌സ് എന്ന പേരില്‍ നാടക കമ്ബനി രൂപീകരിച്ചിട്ടുണ്ട്.
ആദ്യ സിനിമയായ കമ്മട്ടിപ്പാടത്തില്‍ അവസരം ലഭിക്കുന്നത് എങ്ങനെ?
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് യാദൃശ്ചികമായാണ് രാജീവ് രവി സാറിന്റെ കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നീട് അയാള്‍ ശശി എന്ന സിനിമയുടെ ഓഡീഷന് വിളിച്ചു. അതില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെ ശ്രീനിവാസന്‍ സാറിനൊപ്പം അവതരിപ്പിക്കാന്‍ കഴിഞ്ഞു.അതിനുശേഷം സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ഇരട്ട ജീവിതത്തില്‍ പ്രധാന കഥാപാത്രമാകാന്‍കഴിഞ്ഞു. നാലാമത്തെ ചിത്രമാണ് ആഭാസം. റിലീസ് ചെയ്യാനുള്ള രക്തസാക്ഷ്യമാണ് അടുത്ത ചിത്രം.
അയാള്‍ ശശിയില്‍ ശ്രീനിവാസനോടൊപ്പമുള്ള അഭിനയം?
വെല്ലുവിളി നിറഞ്ഞകഥാപാത്രമായിരുന്നു അയാള്‍ ശശിയിലേത്. ലോങ് ഷോട്ടുകളാണ് കൂടുതലും. വലിയ ഡയലോഗുകള്‍ മുഴുവനായി കാണാതെ പഠിച്ച് പറയണമായിരുന്നു. ശ്രീനിവാസന്‍ സാര്‍ നന്നായി പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിനാല്‍ വലിയ ടെന്‍ഷനില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞു. വളരെ പരിചയമുള്ള ആളോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്.
ഇരട്ടജീവിതത്തിലെ അനുഭവം?
സംവിധായകന്‍ സുരേഷേട്ടന്‍ ഒരുപാട് പേരെ നോക്കിയിട്ടും ശരിയാക്കാത്തതു കൊണ്ടാണ് എന്നെ സമീപിച്ചത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ വളരെ താല്‍പര്യം തോന്നി. ചിത്രത്തില്‍ സൈനു എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തത്. വളരെ നല്ല സെറ്റായിരുന്നു. വളരെ നല്ല സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
സിനിമയിലാണോ നാടകത്തിലാണോ സ്ത്രീക്ക് കൂടുതല്‍ സുരക്ഷിതത്വം?
സിനിമയിലും നാടകത്തിലും പലതരത്തിലുള്ള ആള്‍ക്കാരെ നമ്മള്‍ക്ക് കാണാനാവും. നമ്മളുടെ ചുറ്റുമുള്ള ആളുകളെ മനസിലാക്കുക എന്നതാണ് ്രപധാനം. സിനിമയിലും നാടകത്തിലും മാത്രമല്ല, എല്ലാ മേഖലയിലും പ്രശ്‌നക്കാരുണ്ട്. അവരെ എങ്ങനെ തരണം ചെയ്യുന്നുവെന്നതിലാണ് കാര്യം. നമ്മള്‍ക്ക് ഇഷ്ടമില്ലാതെ കാര്യങ്ങള്‍ കണ്ടാല്‍ അത് തുറന്നുപറയാനുള്ള ആര്‍ജമുണ്ടാക്കിയെടക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങളെ അതിജീവിക്കാനാകും.
ആഭാസത്തിന്റെ സെറ്റില്‍ വച്ചാണല്ലോ അലന്‍സിയറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്? അപ്പോള്‍ പ്രതികരിച്ചിരുന്നുവോ?
ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം. അപ്പോഴൊക്കെ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യം കഴിച്ച് വന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യാനും പറയാനും കഴിയുമെന്ന പൊതുബോധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ പ്രശ്‌നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. പിന്നീട് മുറിയിലേക്ക് വന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്.
മുറിയില്‍ നിന്ന് ഇറങ്ങി പേകാന്‍ പറഞ്ഞപ്പോള്‍ തന്നെ ഇറങ്ങിപോയി. പോയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ശക്തമായി പ്രതികരിച്ചേനെ. ഇക്കാര്യം സംവിധായകന്‍ ജൂബിത് നമ്ബ്രാടന്‍ിനെ അറയിച്ചു. എനിക്ക് മാത്രമല്ല മറ്റുസുഹൃത്തുകള്‍ക്കും അയാളില്‍നിന്ന് ഇത്തരം അനുഭവമുണ്ടായിരുന്നു. എന്നാല്‍ പുറത്ത് പറയാന്‍ അവര്‍ക്ക് പേടിയായിരുന്നു. ഈ സംഭവത്തിനു ശേഷവും പലയടത്തും പോയി അദ്ദേഹം എന്നെക്കുറിച്ച് മോശമായിപറഞ്ഞത് ഞാന്‍ അറിഞ്ഞു. അങ്ങനെയാണ് പുറത്ത് പറയാന്‍ തീരുമാനിച്ചത്.
വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. അതകൊണ്ട് തന്നെയാണ് തുറന്നുപറയാന്‍ കഴിഞ്ഞത്. വീട്ടുകാരെ കരുതിയാണ് ആദ്യം പേര് വെളിപ്പെടുത്താതിരുന്നത്. സെറ്റിലുണ്ടായിരുന്ന ദുരനുഭവങ്ങള്‍ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വെബ്‌സൈറ്റില്‍ വന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേള്‍പ്പിച്ചു. അച്ഛനും അമ്മയും അത് വായിച്ച് പ്രതികരിക്കണമെന്ന് പറഞ്ഞപ്പോഴാണ് പരസ്യമായി പ്രതികരിക്കാന്‍ തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ മറ്റുളവരും എന്നെ സപ്പോര്‍ട്ട് ചെയ്തതും എന്നെ സന്തോഷിപ്പിക്കുന്നു. വീഡിയോ കണ്ട് ഡബ്ല്യുസിസി അംഗങ്ങളും എന്നെ ഇക്കാര്യത്തില്‍ പിന്തുണച്ചു. ഡബ്ല്യുസിസി എന്നെ പിന്തുണച്ചില്ലെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന് ചിലര്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. ഡബ്ല്യുസിസി അംഗങ്ങളടെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തില്‍ എനിക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞത്.
അമ്മയില്‍ അംഗത്വം നേടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. നാലു സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. സിനിമയിലെ ഒരു പെണ്‍കുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ട് അമ്മയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഞാനും അതുപോലെയുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട് മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ അംഗത്വമെടുക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂസ്ഡ് ആണ്. ആ പെണ്‍കുട്ടിക്ക് അമ്മയില്‍ നിന്ന് വണ്ടത്ര രീതിയിലുള്ള സപ്പോര്‍ട്ട് ലഭിച്ചതായി തോന്നുന്നില്ല. അമ്മയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.