തിരുവനന്തപുരം: വയലിനില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് ജന്മനാടും സുഹൃത്തുകളും യാത്രാമൊഴി നല്‍കി. രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ബാലുവിന്റെ മൃതശരീരം സംസ്‌കരിച്ചത്.
അന്തിമോപചാരം അര്‍പ്പിക്കാന്‍ സിനിമ സംഗീത ലോകത്തേയും രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ എത്തിചേര്‍ന്നിരുന്നു.
സംഗീതലോകത്തിന് എന്നും ഓര്‍ക്കാന്‍ ബാലുവിന്റെ മാത്രമായ മാജിക്കുകള്‍ ബാക്കി വെച്ചാണ് നാല്‍പതാം വയസില്‍ ബാലഭാസ്‌കര്‍ വിടപറഞ്ഞിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മൃതദേഹം അവസാനമായി കാണാന്‍ ഉറ്റ മിത്രങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ മരിച്ച ബാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ആദ്യം പൊതുദര്‍ശനത്തിനു വച്ചത്. ഇവിടേക്ക് ആയിരങ്ങളായിരുന്നു ഒഴുകിയെത്തിയത്. . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് കലാഭവനിലും പൊതുദര്‍ശനത്തിനുവച്ചു. ഇതിന് പിന്നാലെയാണ് തിരുമലയിലെ കുടുംബ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അവിടേയും ജനസഞ്ചയം ഒഴുകിയത്തിയിരുന്നു.
തുടര്‍ന്നാണ് ഇന്ന് രാവിലെ മരണാനന്തപര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടു പോയത്. തുടര്‍ന്ന് അവിടെ ഔഗ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. നിരവധി പേര്‍ ശാന്തികവാടത്തിലും ബാലുവിനെ ഒരുനോക്ക് കാണാനായി എത്തിയിരുന്നു. അപകടദിവസം വിടപറഞ്ഞ മകള്‍ക്കു പിന്നാലെയാണു ഇന്നലെ മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും വിടചൊല്ലിയത്.