വളരെ കൂൾ ആയിട്ട് കുട്ടിത്തത്തോടെ ഷൂട്ടിംഗ് സെറ്റിൽ കളിച്ചു ചിരിച്ച് നടക്കുന്ന വ്യക്തിയാണ് നടൻ ആര്യ. പല സഹതാരങ്ങളും ആര്യയുടെ കൂൾ സ്വഭാവത്തെ പറ്റി പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരെ കൂടി കൂൾ ആക്കാൻ ആര്യ ശ്രമിക്കാറുണ്ട്. തമിഴ് നടൻ ആര്യ മലയാളി ആണെന്ന് അധികമാർക്കും അറിയില്ല. തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ആര്യ എന്ന പേരിലറിയപ്പെടുന്ന ജംഷാദ് സീതിരകത്ത്. 1980 ഡിസംബർ 11-ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലാണ് താരം ജനിച്ചത്. 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് അരങ്ങേറ്റം കുറിച്ചു. പക്ഷെ 'അറിന്തും അറിയാമലും' ആണ് ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ, നാൻ കടവുൾ, മദ്രാസപ്പട്ടിണം, ബോസ് എങ്കിറ ബാസ്‌കരൻ എന്നിവയാണ് ആര്യയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. മികച്ച തമിഴ് പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ്, ഗൾഫ് ഡോട്ട്‌കോം സിനിമാ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
തൃക്കരിപ്പൂരിൽ 1980 ഡിസംബർ 11-ന് ജനിച്ച ആര്യ ചെന്നൈയിലെ എസ്.ബി.ഒ.എ മെട്രിക്കുലേഷൻ ആന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈയിലെ തന്നെ ക്രസന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ആര്യയ്ക്ക് ഷാഹിർ , റാസി എന്നീ സഹോദരന്മാരുണ്ട്. സിനിമയിലെത്തുന്നതിനു മുമ്പ് ആര്യ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു താരം. ചെന്നൈയിലെ അണ്ണാനഗറിൽ ആര്യയുടെ കുടുംബം ഒരു റസ്‌റ്റോറണ്ട് നടത്തുന്നുണ്ട്. ആര്യ ദ ഷോ പീപ്പിൾ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 2019 ലായിരുന്നു ആര്യയുടെ വിവാഹം. നടി സയേഷാ സൈഗലാണ് ആര്യയുടെ ഭാര്യ. പ്രധാനമായും തമിഴ് ഭാഷാ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സയേഷാ സൈഗൽ. ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അപ്പോൾ മുതലുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും കല്യാണത്തിലേക്കും എത്തിച്ചത്. സൂര്യയുടെ ചിത്രമായ ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.
ആര്യയുടെ വിവാഹത്തിന് വേണ്ടി എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തി അവസാനം ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സയേഷയുടെയും ആര്യയുടെയും പ്രണയം ചർച്ചയായിട്ടും ഇരുവരും പ്രതികരിക്കാതിരിക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരി പതിനാലിന് വന്നാണ് തുറന്നു പറഞ്ഞത്. ഏറെ നാളത്തെ വിവാദങ്ങൾക്കു ശേഷമാണ് ആര്യ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. ആദ്യം കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹം ഉണ്ടെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചിരുന്നു. അങ്ങനെയാണ് ഹൈദരാബാദിൽ വച്ച് കല്യാണം കഴിഞ്ഞത്.
കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ് ആര്യയെ കണ്ടെത്തുന്നത്. ചെന്നൈയിൽ ഒരേ പ്രദേശത്തുള്ള വീടുകളിൽ താമസിച്ചിരുന്ന ഇരുവരും പള്ളിയിൽ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ആര്യ ശ്രദ്ധേയനായി. ഈ സിനിമയിൽ തന്നെയാണ് മലയാളി നടി അസിൻ തോട്ടുങ്കൽ തമിഴിൽ അരങ്ങേറുന്നത്. വിഷ്‌ണുവർധന്റെ 'അറിന്തും അറിയാമലും' ആണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം, രാജ റാണി എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി.
ആര്യ, വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തതായി ജർമ്മൻ യുവതിയുടെ പരാതി വിവാദങ്ങൾ ആയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാൻ യുവതി പരാതി നൽകിയിരുന്നത്. വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇതേത്തുടർന്ന് ആര്യയ്ക്കെതിരായ ആരോപണം പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു.