കൊച്ചി: അക്രമത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കുമ്പോഴും ദിലീപിനായി പ്രാര്‍ത്ഥിക്കുന്നവരാണ് താരസംഘടനയിലെ ബഹുഭൂരിപക്ഷവും. എഎംഎംഎ എന്ന സംഘടനയുമായി പ്രത്യക്ഷത്തില്‍ ദിലീപ് സഹകരിക്കുന്നില്ലെങ്കിലും എല്ലാം നടക്കുന്നത് താരത്തിന്റെ ഇഷ്ടമനുസരിച്ചാണ്. എഎംഎംഎയുടെ പ്രസിഡന്റായ മോഹന്‍ലാലിനും ദിലീപിനെ തള്ളനാകില്ല. ഇത് ചെയ്താല്‍ സംഘടനയില്‍ ഒറ്റപ്പെടും. എക്സിക്യൂട്ടിവില്‍ അടക്കം മൃഗീയ ഭൂരിപക്ഷമാണ് ദിലീപിനുള്ളത്. അതുകൊണ്ട് തന്നെ സംഘടനയ്ക്ക് പുറത്ത് നിര്‍ത്തിയാലും അതിശക്തന്‍. ഈ സാഹചര്യത്തിാണ് ദിലീപിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് അമ്മ നിര്‍വാഹക സമിതി നിലപാടെടുത്തത്, ഈ ആവശ്യമുന്നയിച്ചു കത്തു നല്‍കിയ മൂന്ന് നടിമാര്‍ സംഘടനയ്ക്കു കൈമാറിയ നിയമോപദേശങ്ങള്‍ തള്ളിക്കൊണ്ട്. മൂന്ന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശമാണ് നടിമാര്‍ നല്‍കിയത്.
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇതിനായി ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖ മൂലം അറിയിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ പറഞ്ഞ നിയമോപദേശം ദിലീപിന് വേണ്ടി ഉണ്ടാക്കിയതെന്നാണ് സൂചന. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാര്‍ സംഘടനയ്ക്ക് മുന്‍പില്‍ വച്ച പ്രധാന നിര്‍ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് എഎംഎംഎയുടെ പക്ഷം.
പരാതിക്കാര്‍ കൈമാറിയ നിയമോപദേശങ്ങളുടെ കാര്യം അമ്മ നേതൃത്വം വെളിപ്പെടുത്തിയുമില്ല. നടിമാരുമായി ചര്‍ച്ച നടന്ന ഓഗസ്റ്റ് ഏഴിലെ അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് ദിലീപ് വിഷയത്തില്‍ ഇരുപക്ഷവും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഈ യോഗത്തിന്റെ ഇടവേളയില്‍ തന്നെ നടിമാര്‍ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് അടിയന്തര നിയമോപദേശം നേടിയിരുന്നു. ഇത് ഉടന്‍ അവര്‍ നിര്‍വാഹക സമിതിയെ അറിയിച്ചെങ്കിലും ഇരു ഭാഗത്തുനിന്നും വിശദമായ നിയമോപദേശം തേടിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുത്ത് സംയുക്തമായി മാധ്യമങ്ങളെ അറിയിക്കാമെന്ന നിലപാടുമായാണ് യോഗം പിരിഞ്ഞത്. യോഗതീരുമാനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 13നു നടിമാര്‍ അമ്മയ്ക്കു കത്തയയ്ക്കുകയും ചെയ്തു.
ഏതാനും ദിവസം മുന്‍പ്, നിയമോപദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നടിമാര്‍ വീണ്ടും കത്തയച്ചു. മുന്‍പത്തെ കത്തുകള്‍ക്കു മറുപടിയില്ലാത്തതിനാല്‍ ഇത്തവണ നിര്‍വാഹക സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്തിന്റെ കോപ്പി അയച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിയമോപദേശങ്ങള്‍ തള്ളി, ദിലീപിന്റെ കാര്യം വീണ്ടും ജനറല്‍ബോഡിക്കു വിടുകയായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. പരസ്യമായി തന്നെ താരസംഘടനയെ ഇവര്‍ തള്ളിപ്പറയും. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മില്‍ നേരത്തെ ചര്‍ച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റു ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലാണ് നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയത്. ഇതോടെയാണ് ദിലീപിനെ പുറത്താക്കാനാകില്ലെന്ന ഉറച്ച നിലപാട് മോഹന്‍ലാല്‍ എടുത്തത്.
തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. എ.എം.എം.എയില്‍ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേര്‍ക്കുനേര്‍ കൊണ്ടുവന്നത്. തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും എ.എം.എം.എയില്‍ നിന്ന് രാജിവെച്ചിരുന്നു.
ദിലീപിനെതിരായ നടപടിക്ക് താര സംഘടനയായ 'അമ്മ' സമയം ചോദിക്കുന്നത് നടപടി വൈകിക്കാനെന്നതിന് തെളിവുകള്‍ പുറത്ത്. 2010ല്‍ മുതിര്‍ന്ന നടന്‍ തിലകനെ തിടുക്കപ്പെട്ട് പുറത്താക്കിയ സംഘടനയുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി 2010 ഏപ്രില്‍ അഞ്ചിന് തിലകനെ പുറത്താക്കിയത്. എന്നാല്‍ ഒരു ജനറല്‍ ബോഡി മീറ്റിങ് പോലും വിളിച്ചു ചേര്‍ക്കാതെയും നിയമോപദേശം തേടാതെയുമായിരുന്നു ഈ നീക്കം.