മലയാളികൾക്ക് ഏറെ സുപരിചിതനായ ഹാസ്യ നടനാണ് വിനോദ് കോവൂർ. നാടക രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് ചേക്കേറിയത്. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ത്യവരുമാനക്കാരായ ആളുകൾക്ക് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അന്നന്നത്തെ അന്നത്തിനായി ജോലി ചെയ്തിരുന്ന കലാകാരൻമാരുടെ അവസ്ഥയുമെല്ലാം ഇതേ പോലെ തന്നെ ആയിരിക്കുകയാണ്. ഈ അവസ്ഥയെ കുറിച്ച് എല്ലാം തന്നെ ഇപ്പോൾ തുറന്ന് പറയുകയാണ് വിനോദ് കോവൂർ
ലോക്ഡൗൺ കാലത്ത് കലാകാരന്മാരുടെ അവസ്ഥ വളരെ കഷ്ടത്തിലാണ്. അന്നന്ന് പ്രോഗ്രാം ചെയ്തു കിട്ടുന്നതുകൊണ്ടു കുടുംബം പോറ്റുന്നവരായിരുന്നു പലരും. കഴിഞ്ഞ മൂന്നു മാസമായി ഒരു പ്രോഗ്രാമും ഇല്ല. ഇവർക്കൊന്നും വേറെ ഒരു പണിയും അറിയില്ല. മിമിക്രി കാണിക്കാനും നാടകം കളിക്കാനും പാട്ടുപാടാനും മാത്രമേ അറിയൂ. മറ്റുള്ളവരെ രസിപ്പിച്ചു അന്നം കണ്ടെത്തുന്നവരാണ് ഇവരൊക്കെ. എല്ലാവരും ഭയങ്കര കഷ്ടപ്പാടിലാണ്. കുറേപേർ സഹായം അഭ്യർഥിച്ചു. വിനോദേട്ടാ വലിയ കഷ്ടപ്പാടിലാണ് കുറച്ചു പൈസ തന്ന് സഹായിക്കാമോയെന്ന്. കുറേപ്പേരെ ഞാൻ സഹായിച്ചു. പലർക്കും ചോദിക്കാൻ മടിയാണ്. നല്ല ബോധ്യമുള്ള ചിലരെ ഞാൻ അങ്ങോട്ടു വിളിച്ചു ചോദിച്ചു. എന്റെ ശബ്ദം കേട്ടതും പലരും പൊട്ടിക്കരയുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ല, മരുന്ന് വാങ്ങാൻ പണമില്ല, കുട്ടിക്ക് പാല് വാങ്ങാൻ പോലും പണമില്ല അങ്ങനെ പലവിധമായ ബുദ്ധിമുട്ടുകൾ. മൊബൈൽ റീചാർജ് ചെയ്യാൻ പണമില്ലാതെ വിളിക്കാൻ നിവർത്തിയില്ലാതെ ഇരിക്കുന്നവരുണ്ട്. കഴിയുന്ന സഹായം ഞാൻ ചെയ്തു, പക്ഷെ അതുകൊണ്ടോന്നും ഒന്നുമാകില്ലല്ലോ.
എനിക്കും പ്രോഗ്രാം ഒന്നും ഇല്ലാതെ ഇരിക്കുകയാണ്, എന്റെ കീശയും ചോരുകയാണ്. ഇനിയും വർക്ക് ഇല്ലാതിരുന്നാൽ എന്റെ അവസ്ഥയും പരുങ്ങലിലാകും. ഞാൻ മറ്റെന്തെങ്കിലും ബിസിനസ് ചെയ്താലോ എന്നുകൂടി ചിന്തിക്കുകയാണ്. ഷൂട്ടിംഗ് ഒന്നും തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കാരണം വിനോദം എന്നത് എല്ലാവരും അവസാനം തേടുന്ന കാര്യമാണ്. മനുഷ്യരെല്ലാം കഷ്ടപ്പെടുവല്ലേ അപ്പോ ആർക്കാണ് പൈസ കൊടുത്തു പരിപാടി കാണാൻ കഴിയുക. അല്ലെങ്കിൽ ദുരിതമനുഭവിക്കുന്നവർക്ക് ആസ്വദിക്കാൻ കഴിയുമോ. ഷൂട്ടിങ് സ്റ്റുഡിയോ തുറന്നു തരാൻ പറ്റാത്ത അവസ്ഥയാണ്. കാരണം ആർക്കെങ്കിലും അസുഖം പിടിപെട്ടാൽ ചാനൽ പൂട്ടേണ്ടി വരും. ഇതൊക്കെകൊണ്ട് ഞാൻ മറ്റെന്തെങ്കിലും ജോലി തേടിയാലോ എന്നൊക്കെ ആലോചിക്കുകയാണ്.
ഈ കലാകാരന്മാരുടെ ദുരവസ്ഥയാണ് ഞാൻ ആർട്ടിസ്റ്റ് എന്ന ഷോർട് ഫിലിമിൽ കാണിക്കാൻ ശ്രമിച്ചത്. അതുകണ്ടിട്ട് ഒരുപാടു കലാകാരൻമാർ വിളിച്ചു പറഞ്ഞു ചേട്ടാ നിങ്ങൾ ചെയ്തത് എന്റെ കഥയാണ് എന്ന്. നന്നായി നിങ്ങൾ അങ്ങനെ ഒരു ഫിലിം ചെയ്തത് എന്ന്. ഈ ലോക്ഡൗൺ സമയത്തു സന്തോഷിക്കാൻ കിട്ടിയ ഒരു കാര്യം അതായിരുന്നു. പറഞ്ഞു തീർക്കുമ്പോൾ വിനോദ് കോവൂരിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.