സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ശരണ്യ ആർ നായർ. ഊണിലും ഉറക്കത്തിലും സിനിമ നിനച്ചിരുന്നു വിചാരിക്കാത്ത സമയത്ത് സിനിമ തേടിയെത്തിയതിനെ കുറിച്ച് ഇപ്പോൾ വാചാലയാകുകയാണ് താരം. സിനിമയിൽ ചാൻസ് കിട്ടി എന്ന് വിശ്വസിക്കാൻ ഏറെ പ്രയാസമായിരുന്നെന്ന്
കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറയുന്നത്.
ചെറുപ്പം മുതലെ സിനിമ സ്വപ്നം കണ്ട് നടന്ന കുട്ടിയായിരുന്നു ശരണ്യ. ഹിന്ദി സിനിമകളൊക്കെ സ്ഥിരം കാണുമായിരുന്നു. കജോളിന്റേയും മറ്റ് ഡയലോഗ് കണ്ണാടിയ്ക്ക് മുന്നിൽ വന്ന് പറഞ്ഞ് നോക്കുമായിരുന്നു. സ്കൂളിലും കോളേജിലും മറ്റും പഠിക്കുമ്പോൾ നാടകത്തിനും സ്കിറ്റിനും ഡാൻസിനുമെല്ലാം പങ്കെടുക്കുമായിരുന്നു. കുസാറ്റിലെ എംബിഎ പഠത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചപ്പോൾ സിനിമ മോഹമായി തന്നെ തീരുമെന്ന് ഉറപ്പിച്ചിരുന്നു- ശരണ്യ പറയുന്നു.
ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പറ്റിക്കുകയാണ് എന്നാണ് കരുതിയിരുന്നത്. അതിന് ശേഷം സംവിധായകൻ വിളിച്ച് കഥ പറഞ്ഞപ്പോൾ പോലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ഒടുവിൽ പത്രസമ്മേളനം നടത്തിയപ്പോഴാണ് വിശ്വാസം വന്നതെന്ന് താരം പറയുന്നു. ജീവിതത്തിൽ ആദ്യമായി അന്നായിരുന്നു ഒരു ഷൂട്ടിങ്ങ് കണ്ടത്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന സാങ്കേതിക വാക്കുകളെ കുറിച്ച് അധികം പിടിയും ഉണ്ടായിരുന്നില്ല.
തന്റെ ആദ്യ സീൻ തന്നെ ടൊവിനോക്കൊപ്പമുള്ള റൊമാന്റിക് രംഗമായിരുന്നു. അതിന് വേണ്ടി തയ്യാറെടുക്കാൻ ടൊവിനോയും സംവിധായകനും തിരക്കഥകൃത്തുമൊക്കെ ഒരുപാട് സഹായിച്ചിരുന്നു. കൂടുതൽ സമയം എടുത്ത് ചെയ്യാൻ അവസരം നൽകി. ചിത്രത്തിൽ ടൊവിനോയാണ് നായകൻ എന്ന് വളരെ വൈകിയാണ് അറിയുന്നത്. ചിത്രത്തിന്റെ കഥ പറയുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നില്ല. ടൊവിനോടൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചത് വളരെ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ശരണ്യ കൂട്ടിച്ചേർത്തു.
ചെറുപ്പം മുതലെ സിനിമ സ്വപ്നം കണ്ട് നടക്കുന്ന ആളാണ് താൻ.. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിൽ തന്നെ നിൽക്കാനാണ് തീരുമാനം. എന്നാൽ പ്രേക്ഷകർക്ക് എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നിയാൽ സിനിമയോട് ബൈ പറയും. ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോഴാണ് സിനിമയിൽ ചാൻസ് ലഭിക്കുന്നത് എന്നും താരം തുറന്ന് പറയുന്നു.