ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായിരുന്നു മോനിഷ. താരം നമ്മെ വിട്ട് പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടുമെങ്കിലും കലാലോകത്തിനു നികത്താന്‍ കഴിയാത്ത നഷ്‌ടവും കൂടിയാണ്. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. എന്നാൽ ഇപ്പോൾ മോനിഷയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അമ്മ ശ്രീദേവി ഉണ്ണി.
'ഒരു സ്വപ്ന ജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടിക്കലായിരുന്നു അവളുടെ ചിന്തകള്‍. എട്ടൊന്‍പത് വയസ്സായപ്പോള്‍ മുതലേ അമ്മയെപ്പോഴും സ്വപ്ന ലോകത്താ എനിക്കിതൊന്നും പറ്റില്ലാട്ടോ, ഐആം പ്രാക്ടിക്കല്‍ ഗേള്‍ എന്നവള്‍ ഇടയ്ക്ക് പറയും. കളി ചിരി തമാശയൊക്കെയുണ്ടെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടി. എല്ലാം ആസ്വദിക്കും പക്ഷെ സ്വപ്‌നങ്ങള്‍ കെട്ടിപ്പെടുക്കാന്‍ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലമ്മേ എന്ന് എന്നോട് പറയും. എന്റെ കല്യാണത്തിന് എന്ത് നിറമാ എന്നെ ഇടീക്യാ? എല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ എന്നാകും ചിലപ്പോള്‍. അപ്പോള്‍ ഞാന്‍ പറയും നിന്നെ അടിമുടി സ്വര്‍ണത്തില്‍ പൊതിയും.
സാരിയൊക്കെ സ്വര്‍ണം. എന്നാപ്പിന്നെ എന്‍റെ മുഖത്തും കൂടി സ്വര്‍ണം പൂശിക്കോളൂ, സ്വര്‍ണ പ്രതിമയാകാലോ എന്നായിരുന്നു അവളുടെ മറുപടി. നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വേഗത്തില്‍ വായിച്ചു തീര്‍ക്കും. കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമാണ് ആരോടും അത്രയ്ക്കങ്ങ് അടുക്കില്ല. മോനിഷയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് ശ്രീദേവി ഉണ്ണി പറയുന്നു.