മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെഎസ് ചിത്ര. നിരവധി ഗാനങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ തന്റെ മാതാപിതാക്കളെയും അവർക്ക് ബാധിച്ച അർബുദത്തെ കുറിച്ചും തുറന്ന് പറയുകയാണ് താരം. അര്‍ബുദ രോഗത്തെത്തുടര്‍ന്നായിരുന്നു ചിത്രയുടെ അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ ശാന്തകുമാരിയും മരണത്തിന് കീഴടങ്ങിയത്. കുടുംബത്തില്‍ ഇരുവരുടെയും വിയോഗം ഏല്‍പ്പിച്ച വിടവ് ഒരിക്കലും നികത്താനാകില്ലെന്ന് ചിത്ര പറയുകയാണ്.
ചിത്രയുടെ വാക്കുകളിലൂടെ
എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അര്‍ബുദത്തെത്തുടര്‍ന്നാണ്.അച്ഛന്‍ വളരെയധികം വേദനകള്‍ അനുഭവിച്ചതിനു ശേഷമാണ് മരിച്ചത്.അപ്പോഴൊക്കെ വളരെ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു സാധിച്ചുള്ളു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു അത്. അച്ഛന്‍ അനുഭവിച്ച അവസ്ഥ മനസ്സില്‍ എന്നും വിങ്ങുന്ന ഓര്‍മയായി അവശേഷിക്കുന്നതുകൊണ്ടു തന്നെ അമ്മയില്‍ അര്‍ബുദത്തിന്റെ ലക്ഷണം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉടനടി ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയും ചെയ്തു.ശസ്ത്രക്രിയ പൂര്‍ത്തിയായി പിറ്റേ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അമ്മ മരിച്ചത്. അമ്മയിലെ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സകളൊക്കെ നല്‍കിയിട്ടും ഞങ്ങള്‍ക്ക് അമ്മയെ രക്ഷിക്കാനായില്ല.
മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്.ഒരു കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്നതു തന്നെ അവരാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഞങ്ങള്‍ മൂന്നു മക്കളും പരസ്പരം ചേര്‍ന്നു നില്‍ക്കാനും ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ സൂക്ഷിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.മാതാപിതാക്കള്‍ ഇല്ലാത്തത് വലിയ ഒരു വിടവ് തന്നെയാണ്. അവര്‍ക്കൊപ്പമുണ്ടായിരുന്ന കാലം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നും മനസ്സില്‍ തെളിയുന്ന ഓര്‍മകളാണ് അവയെല്ലാം'.