കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തം വീട്ടില്‍ തന്നെ കഴിയുകയാണ് നടി നവ്യ നായര്‍. വെള്ളിത്തിരയിലേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങുന്ന താരത്തിന്റെ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മുംബൈയില്‍ നിന്നും മകന്‍ സായിയ്‌ക്കൊപ്പം നാട്ടിലേക്ക് നവ്യ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ അവസരത്തിൽ തിരിച്ച് പോവാത്തത് നന്നായി എന്ന് തുറന്ന് പറയുകയാണ് താരം. ലോക്ഡൗണ്‍ കാലത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് തുറന്ന് പറയുന്നത്.
'ലോക്ഡൗണ്‍ ദിനങ്ങള്‍ നാട്ടിലായതിന്റെ ആശ്വാസമുണ്ട്. ഷൂട്ടിങ്ങിന്റെ ഭാഗമായി കുറേ നാളായി നാട്ടിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ മുമ്പാണ് ഷൂട്ട് നിര്‍ത്തിയത്. അന്ന് രാത്രി വൈകിയാണ് പാക്കപ്പ് ആയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡബ്ബിങ്ങിന് പോയി. ചിത്രത്തില്‍ രാധാമണിയുടെ മകന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്റെ മകന്‍ സായിയാണ്.
അത് കഴിഞ്ഞ് മുംബൈയ്ക്ക് തിരിച്ച് പോകാനിരുന്നതാണ്. അങ്ങനെയെങ്ങാനും പോയിരുന്നെങ്കില്‍ എന്ത് അവസ്ഥയായേനേ. നമുക്ക് ഇവിടെ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. മുംബൈയില്‍ പക്ഷേ അങ്ങനെയല്ല. സന്തോഷേട്ടന്‍ അവിടെയാണ്, അതിന്റെ ടെന്‍ഷനുണ്ട്. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഫ്‌ളാറ്റിന് പുറത്ത് വെച്ചിട്ട് പോവും. അത് സാനിറ്റൈസ് ചെയ്ത് വേണം എടുക്കാന്‍. ഇവിടെ ലോക്ഡൗണ്‍ ഒരു ബോറടിയുമില്ല.
വര്‍ക്കൗട്ട് ചെയ്യാറുണ്ട്. രണ്ട് നേരം നടക്കും. ഏതാണ്ട് ഒരു പത്ത് കിലോമീറ്റര്‍ എങ്കിലും... എല്ലാ ദിവസവും അല്ല. അന്നത്തെ മൂഡ് പോലെ. പിന്നെ പറമ്പില്‍ കൃഷി ചെയ്യും. ഇവിടിങ്ങനെ അടച്ചിരിക്കുന്ന അനുഭവമില്ല. പറമ്പിലേക്ക് ഇറങ്ങാം. കരിയില അടിച്ച് കൂട്ടുന്നു, കത്തിക്കുന്നു, നിറയെ മാമ്പഴം ഉണ്ട്. മാങ്ങ പെറുക്കുന്നു. അത് തരം തിരിക്കുന്നു, ചക്ക വറുക്കുന്നു അങ്ങനെ തിരക്ക് തന്നെയാണ്.
സായിയും ഇത് ആസ്വദിക്കുകയാണ്. ഇനി നാലിലേക്കാണ് പുള്ളി. സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ പോകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം അവനോട് സന്തോഷേട്ടന്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അറിയാതെ പറഞ്ഞിരുന്നു സെപ്റ്റംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന്. അത് വരെ എന്ത് പറഞ്ഞാലും അനുസരിക്കാത്തവന്‍ അച്ഛന്‍ പറഞ്ഞ ഇക്കാര്യം മാത്രം അനുസരിക്കുമെന്ന പ്രതിഞ്ജയിലാണ്. ഈ ലോക്ഡൗണ്‍ എല്ലാവര്‍ക്കും സ്വയം ശുദ്ധീകരിക്കുന്നതിനും കൂടിയുള്ള അവസരമാണ്.
നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് നമ്മള്‍. കുറച്ച് നാള്‍ വെറുതേയിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും ഇത്രയും ഓടേണ്ട ആവശ്യമില്ലെന്നും പ്രകൃതി നമ്മോട് പറഞ്ഞ് തരികയാണ്. ആര്‍ഭാടങ്ങലില്ലാതെ ജീവിക്കാന്‍ സാധ്യമാണെന്ന് കൂടി ഈ ലോക്ഡൗണ്‍ പഠിപ്പിച്ചു. പ്രകൃതിയിലേക്ക് തന്നെ തിരിച്ച് ചെന്നിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ട്. ഈ ലോക്ഡൗണ്‍ കഴിയുന്നതോടെ ആ ചിന്തയും മങ്ങരുതെന്നാണ് പ്രാര്‍ഥന. ആ തിരിച്ചറിവ് എന്നുമുണ്ടാവണമെന്നും നവ്യ പറയുന്നു.