മലയാള സിനിമയിലെ ഹാസ്യ താരമാണ് കലാഭവൻ ഹനീഫ്. സിനിമയിലേക്ക് മിമിക്രിയിലൂടെ എത്തിയിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 175 ലേറെ സിനിമകളിൽ വേഷമിടും ചെയ്‌തു. എന്നാൽ ഇപ്പോൾ താരപരിവേഷമൂന്നും തന്നെ ഇല്ലാതെ സ്വന്തമായി ഒരു വീട് പോലും വയ്ക്കാതെ ഉള്ള ജീവിതത്തെ കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
''മട്ടാഞ്ചേരിക്കും ഫോർട് കൊച്ചിക്കും ഇടയിലുള്ള കപ്പലണ്ടിമുക്ക് എന്ന സ്ഥലത്തായിരുന്നു എന്റെ തറവാട്. വാപ്പ, ഉമ്മ, ഞങ്ങൾ 5 മക്കൾ. അതിൽ മൂത്തതാണ് ഞാൻ. ഇതായിരുന്നു കുടുംബം. വാപ്പയ്ക് ഒരു സ്റ്റേഷനറി കടയായിരുന്നു. അന്ന് മട്ടാഞ്ചേരി ഇന്നത്തെപ്പോലെയല്ല. സജീവമായ ഒരു വ്യാപാരകേന്ദ്രമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വ്യാപാരത്തിനായി വന്നു പോവുകയും തമ്പടിക്കുകയും ചെയ്ത നാട്. അങ്ങനെ പല വിധ സംസ്കാരങ്ങൾ അവിടെയുണ്ടായി. പിന്നീടാണ് വാണിജ്യപ്രാധാന്യം നഷ്ടപ്പെട്ട് ടൂറിസം കേന്ദ്രമായി മാറുന്നത്.
ഓടിട്ട ഒരു കൊച്ചുവീടായിരുന്നു ഞങ്ങളുടേത്. അതിൽ കൂട്ടുകുടുംബമായി നിറയെ ആളുകളും. ചുറ്റുവട്ടത്തെല്ലാം ബന്ധുവീടുകളാണ്. എവിടെങ്കിലും പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒന്നരകിലോമീറ്റർ അകലെവച്ചേ വീട്ടിലുള്ളവർക്ക് വിവരമെത്തും എന്ന് തമാശയ്ക്ക് പറയുമായിരുന്നു. സ്നേഹം കണ്ടും കൊണ്ടും പങ്കുവച്ചും വളർന്ന കാലം. അന്ന് വീടുകൾക്കൊന്നും മതിലുകൾ ഇല്ലായിരുന്നു, ആൾക്കാരുടെ മനസ്സിലും... ഇപ്പോൾ കാലംമാറി. പഴയ കാലത്തെകുറിച്ചു പറഞ്ഞാൽ പുതുതലമുറയ്ക്ക് കേൾക്കാൻ പോലും താൽപര്യമുണ്ടാകണമെന്നില്ല...
അന്തരിച്ച നടൻ സൈനുദീൻ എന്റെ അയൽക്കാരനായിരുന്നു. അവൻ അന്നേ മിമിക്രിയിലും സിനിമയിലുണ്ട്. അവൻ വഴിയാണ് ഞാൻ കലാഭവനിലെത്തുന്നത്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു. അതുവഴി സിനിമയിലെത്തിയിട്ട് ഇപ്പോൾ 30 വർഷം കഴിഞ്ഞു. 175 ലേറെ സിനിമകളിൽ അഭിനയിച്ചു.
തറവാട് ഭാഗം വച്ച് വിറ്റപ്പോൾ ഓരോരുത്തരായി പിരിഞ്ഞു. ഞാൻ കുടുംബമായി ഒരു വാടകവീട്ടിലേക്ക് മാറി. അന്ന് മുതൽ ഇന്നുവരെ വാടകവീടുകളിലാണ് ജീവിതം. ഒരുപാട് വീടുകൾ മാറി താമസിച്ചിട്ടുണ്ട്. ആ വീടുകളെല്ലാം സ്വന്തം വീട് പോലെയാണ് നോക്കിയിട്ടുള്ളതും.പലരും ചോദിച്ചിട്ടുണ്ട്: സിനിമാക്കാരനായിട്ടും ഇതുവരെ സ്വന്തം വീട് വയ്ക്കാത്തത് എന്താണെന്ന്... കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിക്കണമെന്നില്ല എന്നതാണ് എനിക്കുള്ള ഉത്തരം. യോഗമുണ്ടെങ്കിൽ ഭാവിയിൽ വീട് എന്നെയും തേടിവരുമായിരിക്കും. വരുമ്പോൾ വരട്ടെ.
മമ്മൂക്ക ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്: 'നീയൊക്കെ സിനിമയുടെ സെയ്ഫ് സോണിലാണെന്ന്. ഇടയ്ക്ക് കിട്ടുന്ന പടം ചെയ്യുക, ജീവിതം മുന്നോട്ടു കൊണ്ടുപോവുക.. ഇതല്ലാതെ ടെൻഷനുകളില്ല' എന്ന്. ഒരർഥത്തിൽ അതും ശരിയാണ്..എന്റെ കാലത്ത് സിനിമയിലെത്തിയ പലരും സിനിമ ഉപേക്ഷിച്ചു. ചിലരെ സിനിമ ഉപേക്ഷിച്ചു. ചിലർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഞാൻ ഇപ്പോഴും ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമയിൽ നിലനിൽക്കുന്നുണ്ടല്ലോ. അതുതന്നെ സന്തോഷം. ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതെ ഉള്ളതുകൊണ്ട് സന്തോഷമായി പോവുക എന്നതാണ് എന്റെ പോളിസി...ഭാര്യ വഹീദ. മകൻ ഷാറുഖ്, മകൾ സിതാര. മകളുടെ വിവാഹം കഴിഞ്ഞു. മകൻ എറണാകുളത്ത് ജോലിചെയ്യുന്നു.