നിർമാതാവും നടനുമായ മണിയൻപിള്ള രാജുവിനെ പ്രശംസിച്ച് നടൻ മോഹൻ ജോസ് രംഗത്ത് എത്തി. മണിയൻപിള്ള നിർമിച്ച ചിത്രമായ ഏയ് ഓട്ടോ എന്ന സിനിമയിൽ തനിക്ക് ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുകയാണ് താരം.
മോഹന്റെ കുറിപ്പ് വായിക്കാം:
നിർമ്മാതാവു കൂടിയായ മണിയൻപിള്ള രാജുവാണ് ‘ഏയ് ഓട്ടോ’യിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള എസ്ഐയുടെ റോളായിരുന്നു.( മോഹൻരാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടർ, അതായത് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ ചെയ്യാമെന്ന്.
അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷൻ. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ. അനുകരണീയമായ പ്രത്യേകതകളുള്ള ഒരു നിർമാതാവാണ് മണിയൻപിള്ള രാജു. പ്രതിഫലത്തിൻറെ കാര്യത്തിൽ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂർണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ. മദ്രാസിലെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങാൻ നേരമായപ്പോൾ രാജു എന്നോടു ചോദിച്ചു''പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കിൽ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാൽ തരാം''
''കരാർ പ്രകാരമുള്ള മുഴുവൻ തുകയും നിങ്ങൾ തന്നു കഴിഞ്ഞു. ഇനി കൂടുതൽ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ്'' എന്നു പറഞ്ഞ് ഞാൻ കൈ കൊടുത്തു പിരിഞ്ഞു. ഏയ് ഓട്ടോ വൻ വിജയമായിരുന്നു..