മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ പുതിയ ചിത്രമായ ഭീഷ്മപര്‍വത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. എന്നാൽ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 41 വര്‍ഷമായെന്നും ഇപ്പോഴും അഭിനയിക്കുമ്പോള്‍ പേടിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 41 വര്‍ഷമായി. അത് പുറത്തേക്ക് കാണുന്നില്ലന്നേയുള്ളു. ഉള്ളില്‍ ഒരു പിടപ്പ് ഉണ്ടാകും. അത് ഏത് വലിയ നടനായാലും ഉണ്ടാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ പറഞ്ഞ് കട്ട് പറയും വരെ നമ്മള്‍ വേറെ ഒരു ലോകത്താണ്. നമ്മള്‍ വേറെ ഒരു മനുഷ്യരാണ്. വെറോരു ബ്ലഡ് പ്രഷറാണ്, സങ്കീര്‍ണതകളുടെ ഒരു ലോകത്തേക്കാണ് നമ്മള്‍ പോകുന്നത്. മലയാളികളല്ലാത്തവര്‍ നമ്മുടെ സിനിമകള്‍ കണ്ടുതുടങ്ങുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്.
ബിലാല്‍ പോലൊരു സിനിമയല്ല ഭീഷ്മയെന്നും മൈക്കിള്‍ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നും താരം പറഞ്ഞിരുന്നു. 1986ലാണ് ഈ കഥ നടക്കുന്നത്. ബിലാലിന്റെ കാലമല്ല അത്. രണ്ടും രണ്ട് കഥയാണെന്നും മമ്മൂട്ടി പറഞ്ഞു. താങ്കളുടെ മേക്ക് ഓവര്‍ ആണ് ഭീഷ്മയിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും ആ മേക്ക് ഓവറിന് പിന്നില്‍ എന്താണെന്നുമുള്ള ചോദ്യത്തിന് അത് യഥാര്‍ത്ഥത്തില്‍ മേക്ക് ഓവര്‍ അല്ലെന്നും മേഡ് ഓവര്‍ ആണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
യഥാര്‍ത്ഥത്തില്‍ അത് അങ്ങനെ ആയതാണ്. കൊവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാന്‍ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്. ആദ്യം ഞങ്ങള്‍ ബിലാല്‍ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളര്‍ന്നു. എന്നാല്‍ പിന്നെ ബിലാല്‍ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കില്‍ വേണ്ട ബിലാല്‍ താടിക്കാരന്‍ അല്ലല്ലോ എന്ന് അപ്പോള്‍ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാല്‍ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞു.