കൊച്ചി: പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ബ്ലഡ്, ബ്രദർഹുഡ്, ബിട്രേയൽ' എന്ന ടാഗ്ലൈനുമായാണു ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. മുണ്ടുടുത്ത മോഹൻലാലിന്റെ മുഖം കാണിക്കാതെയാണു കറുപ്പിലും വെളുപ്പിലും തീർത്ത പോസ്റ്റർ ആരാധകർക്കു മുന്നിലെത്തിച്ചിരിക്കുന്നത്. മുരളി ഗോപിയാണു ചിത്രത്തിന്റെ തിരക്കഥ.സിനിമയുടെ ലൊക്കേഷൻ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് പൃഥ്വിരാജ്. ചിത്രീകരണം ജൂലായ് 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും കുട്ടിക്കാനവും ആയിരിക്കും പ്രധാന ലൊക്കേഷനുകൾ.
നടനെന്ന നിലയിൽ നൂറു ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇനി ആറുമാസം സംവിധായകന്റെ റോളിലായിരിക്കും. ലൂസിഫർ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷമായിരിക്കും ഇനി സിനിമയിൽ മുഖം കാണിക്കുക.എം.രഞ്ജിത് നിർമ്മിച്ച് അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ' ആണു പൃഥ്വിരാജിന്റെ നൂറാമതു ചിത്രം. മൈ സ്റ്റോറി തിയറ്ററുകളിലേത്തിക്കഴിഞ്ഞു. രണം റിലീസിങ്ങിന് തയാറായി.
നടനിൽ നിന്നു സംവിധായക വേഷത്തിലേക്കുള്ള മാറ്റം മുൻകൂട്ടി ആലോചിച്ചു തീരുമാനിച്ചതല്ലെന്നും സംഭവിച്ചു പോയതാണെന്നും പൃഥ്വിരാജ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.''സിനിമ സംവിധാനം ചെയ്യണമെന്നതു വർഷങ്ങളായുള്ള മോഹമാണ്. നടനെന്ന നിലയിലുള്ള തിരക്കുകൾ മൂലം അതു നീണ്ടുപോയി. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ 'ടിയാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹൻലാലിനെ നായകനാക്കി തിരക്കഥയെഴുതുന്നതായി മുരളി ഗോപി പറഞ്ഞത്.
ആരാണ് സംവിധായകനെന്നു ചോദിച്ചപ്പോൾ സംവിധായകനെ തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി സംവിധാനം ചെയ്യുമോയെന്നുമായി മുരളിയുടെ മറുചോദ്യം. ഇക്കാര്യം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മുരളി പറഞ്ഞു. അടുത്ത ദിവസം ആന്റണി ഹൈദരാബാദിൽ എത്തി. തുടർന്ന് മോഹൻലാലിനെ ഫോണിൽ വിളിച്ച് എനിക്കു തന്നു. അങ്ങനെ വെറും 24 മണിക്കൂർ കൊണ്ടു താൻ സംവിധായകനായെന്ന് പൃഥ്വി പറയുന്നു.തന്നെ ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ തകർന്നുപോകുമെന്ന പേടിയില്ലെന്നും പൃഥ്വി ്അഭിമുഖത്തിൽ പറഞ്ഞു.