ഹോളിവുഡിലെ എക്കാലത്തേയും കാശുവാരി ചിത്രങ്ങളിലൊന്നായ അവതാറിന്റെ അവകാശവാദമുന്നയിച്ച് ബോളിവുഡ് താരം ഗോവിന്ദയാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ താരമാകുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂണിനോട് അവതാർ എന്ന പേര് നിർദേശിച്ചത് താനാണെന്നും ചിത്രത്തിൽ തനിക്കൊരു വേഷം കാമറൂൺ കരുതിവെച്ചിരുന്നുമെന്നാണ് ഗോവിന്ദ വ്യക്തമാക്കിയത്.
പ്രധാന വേഷം ചെയ്യാൻ ക്ഷണിച്ചെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടിവിയുടെ 'ആപ് കീ അദാലത്ത്' എന്ന ടെലിവിഷൻ ഷോയിൽ പങ്കെടുക്കവെ ഗോവിന്ദ പറഞ്ഞു. ഗോവിന്ദയുടെ 'വെളിപ്പെടുത്തലി'ൽ ട്രോളുകളിലൂടെയാണ് ട്വിറ്ററിൽ സിനിമാപ്രേമികൾ പ്രതികരിച്ചിരിക്കുന്നത്
''അവതാർ എന്ന പേരിട്ടത് ഞാനാണ്. ഒരു വലിയ വിജയചിത്രമായി അത്. ജെയിംസ് കാമറൂണിനോട് അന്നേ ഞാനത് പറഞ്ഞിരുന്നു, ചിത്രം വലിയ വിജയമായിരുന്നെന്ന്. എന്നാൽ ഈ പ്രോജക്ട് പൂർത്തിയാക്കാൻ ഏഴ് വർഷമെടുക്കുമെന്നും ജെയിംസ് കാമറൂണിനോട് ഞാനന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹമപ്പോൾ ദേഷ്യപ്പെട്ടു. എങ്ങനെയാണ് നിങ്ങൾക്ക് അങ്ങനെ പറയാനാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഏറെക്കുറെ അസാധ്യമായ കാര്യമാണ് താങ്കൾ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തോടുള്ള എന്റെ മറുപടി'', ഗോവിന്ദ പറയുന്നു.
ശരീരത്തിൽ പെയിന്റ് അടിക്കേണ്ടിവരും എന്നതായിരുന്നു ചിത്രത്തിലെ വേഷം അവഗണിക്കാൻ കാരണമായതെന്നും അദ്ദേഹം പറയുന്നു. ''കഥാപാത്രത്തിനായി എന്റെ 410 ദിവസത്തെ ഡേറ്റ് വേണമായിരുന്നു ജെയിംസ് കാമറൂണിന്. ഈ 410 ദിവസവും ശരീരത്തിൽ പെയിന്റടിച്ച് നിൽക്കാൻ എനിക്ക് ആവുമായിരുന്നില്ല. അതിനാൽ ഞാൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തി'', ഗോവിന്ദ പറഞ്ഞവസാനിപ്പിച്ചു.
മീമുകളും ട്രോളുകളുമായി താരത്തിന്റെ വാചകങ്ങൾ ഏറ്റു പിടിക്കുകയാണ്. ഗോവിന്ദയുടേത് 'തള്ളൽ' മാത്രമാണോ എന്നും ജെയിംസ് കാമറൂണിനെപ്പോലെ ലോകപ്രശസ്തനായൊരു സംവിധായകൻ ഗോവിന്ദയെ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുമോ എന്നുമൊക്കെയാണ് ആളുകൾ സംശയിക്കുന്നത്..ചുംബനരംഗമുള്ളതിനാൽ രാഖി സാവന്ത് ഗ്ലാഡിയേറ്റർ നിരസിച്ചുവെന്നും സൽമാൻ ഖാന് ഫിസിക്സിന് നോബൽ സമ്മാനം ലഭിച്ചുവെന്നുമൊക്കെ പറയുന്നതുപോലെയാണ് ഗോവിന്ദയുടെ വെളിപ്പെടുത്തൽ എന്നെല്ലാമാണ് ട്വിറ്ററിൽ പ്രചരിക്കുന്ന ട്രോളുകൾ. ബോളിവുഡ് കണ്ട സൂപ്പർതാരങ്ങളിലൊരാളായിരുന്ന ഗോവിന്ദയ്ക്ക് ഇപ്പോൾ സിനിമകളില്ലെന്നും പഴയ പ്രശസ്തിയും താരപദവിയും തിരികെ വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാവണം ഇങ്ങനെയുള്ള പ്രസ്താവകളുമായി രംഗത്തു വരുന്നതെന്നും വിമർശനങ്ങളുമുണ്ട്...