ഹര ഹര മഹാദേവകി, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളിലൂടെ സംവിധായകന്‍ സന്തോഷ് പി ജയകുമാറിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയത് വിവാദത്തിലേക്ക്. ഇരുട്ട് അറയില്‍ മുറട്ട് കുത്തിന്റെ രണ്ടാം ഭാഗം 'ഇരണ്ടാം കുത്ത്' എന്ന പേരിലാണ് ഒരുങ്ങുന്നത്. സന്തോഷ് തന്നെ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കരിഷ്മ, ആകൃതി, ഡാനിയേല്‍ ആനി പോപ്പ്, മൊട്ട രാജേന്ദ്രന്‍, ചാംസ്, മനോബാല എന്നിവരും അഭിനയിക്കുന്നുണ്ട്.
അഡല്‍റ്റ് ഹൊറര്‍ കോമഡി ചിത്രമായി പുറത്തിറങ്ങിയ രണ്ടാം കുത്തിന്റെ ടീസര്‍ നിരവധി അശ്ലീല രംഗങ്ങളും ദ്വയാര്‍ഥ സംഭാഷണങ്ങളും നിറഞ്ഞതാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ടീസറിനെതിരെ തമിഴിലെ വിഖ്യാത സംവിധായകനായ ഭാരതിരാജ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനും സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായവുമായി നിരവധിപേര്‍ എത്തിയിട്ടുണ്ട്.
'ഇരണ്ടാം കുത്ത്' ടീസറില്‍ അതിരുവിടുന്ന ചില നഗ്‌നതാ പ്രദര്‍ശനങ്ങളും സ്വയം ഭോഗം ചെയ്യുന്ന രംഗങ്ങളുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററില്‍ രണ്ട് പുരുഷന്മാര്‍ തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ ഒരു പഴം പിടിച്ചുകൊണ്ട് നില്‍ക്കുന്നതും അവരോടൊപ്പം ബിക്കിനി ധരിച്ച് ഒരു യുവതി നില്‍ക്കുന്നതുമായിരുന്നു, ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇത്രയും അശ്ലീലം തമിഴ് സിനിമയില്‍ വരുന്നതിനെ ഞാന്‍ അപലപിക്കുന്നു. സര്‍ക്കാരും സെന്‍സര്‍ബോര്‍ഡും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സിനിമ കച്ചവടമാണ്. എന്നാല്‍ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനിതിനെ അപലപിക്കുന്നു എന്നാണ് വിഖ്യാത സംവിധായകനായ ഭാരതിരാജ ഇതേക്കുറിച്ച് തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ജീവിതശൈലികള്‍ സിനിമയില്‍ കാണിക്കാം, അത് തെറ്റല്ല, രസകരമായ ചില ആംഗ്യങ്ങള്‍ പരോക്ഷമായി അവതരിപ്പിക്കാം. എന്നാല്‍ കിടക്ക തന്നെ തെരുവിലേക്ക് കൊണ്ടുവരുന്നത് ശരിയാണോ, ഇത് സംസ്‌കാരത്തെ അവഹേളിക്കലാണ്, സാമൂഹിക തിന്മകള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത്. എത്രയെത്ര പീഡനങ്ങള്‍, കുട്ടികളെ ദുരുപയോഗിക്കലൊക്കെയുണ്ടായി, എന്നിട്ടും മതിയായില്ലേ, പ്ലേറ്റില്‍ മാലിന്യങ്ങള്‍ നിറയാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് ഭാരതിരാജ പറയുന്നത്.
ഭാരതിരാജയ്ക്ക് മറുപടിയുമായി സംവിധായകന്‍ സന്തോഷ് പി ജയകുമാര്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിട്ടുണ്ട്. ഭാരതി രാജ സംവിധാനം ചെയ്ത് 1981ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ ടിക് ടിക് ടികിന്റെ പോസ്റ്ററാണ് സന്തോഷ് പങ്കുവെച്ചിരിക്കുന്നത്. കമല്‍ഹാസന് പിന്നില്‍ ബിക്കിനി ധരിച്ച് മൂന്ന് നടിമാര്‍ നില്‍ക്കുന്നതാണ് ചിത്രം.