മലയാള സിനിമയിലെ താരരാജാക്കന്മാരാണ് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒരുമിച്ചും അല്ലാതെയും നിരവധി ചിത്രങ്ങൾ ആരാധകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള മത്സരം സംബന്ധിച്ച് ഒരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ സാജന്‍. തന്നേക്കാള്‍ പ്രാധാന്യം ഉള്ള റോള്‍ മറ്റേയാള്‍ക്കാണോ എന്നൊക്കെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തോന്നുക സ്വാഭാവികമാണെന്നും സാജന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്. അതില്‍ ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബ പെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചു പോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്.
അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട് അമേരിക്കയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാന്‍ തയ്യാറാകാത്തതുമാണ് കഥ. അതാണ് സംഭവം.ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതു കൊണ്ട് പുള്ളിക്കാരന്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ഡബ്ബിംഗിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്തെന്നായി ലാല്‍. അത് വേണ്ട, ഞാന്‍ പറഞ്ഞു.
ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എന്‍ സ്വാമിക്കും അതറിയാം.
ഇത് മോഹന്‍ലാലിന് മനസില്‍ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്. പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ശരി ഇനി നമ്മള്‍ തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.