നായകനായെത്തിയ ആദ്യ ചിത്രം ആദിയിൽ പാർക്കൗർ എന്ന സാഹസിക പ്രകടനങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച പ്രണവ് മോഹൻലാൽ തന്റെ അടുത്ത ചിത്രത്തിലും അതേപോലെ തന്നെ മറ്റൊരു സാഹസിക പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
.ആദിയിലെ ചടുലമായ ആക്ഷൻ രംഗങ്ങളിലൂടെ സിനിമാ ആസ്വാദകരുടെ ഹൃദയം കവർന്ന താരമിപ്പോൾ ബാലിയിൽ സർഫിങ് പരിശിലനത്തിലാണ്.
പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടിയാണ് നടന്റെ പുതിയ തയ്യാറെടുപ്പ്. സംവിധായകനായ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ സർഫിങ് രംഗങ്ങൾ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ സെപ്റ്റംബർ മാസത്തിൽ ചിത്രീകരിക്കുമെന്ന് അരുൺ ഗോപി അറിയിച്ചു.
ചിത്രത്തിൽ സർഫറുടെ വേഷമാണ് പ്രണവിന്റേത്. തിരമാലകൾക്കിടയിലൂടെ പായയിൽ നിന്ന് തെന്നി നീങ്ങുന്ന കായിക വിനോദമാണ് സർഫിങ്.പ്രണവ് മോഹൻലാൽ, സംവിധായകന്റെ പ്രതീക്ഷക്കും മുകളിലുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന നടനാണെന്ന് അരുൺ ഗോപി അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ റോക്ക് ക്ലൈംബിങ്, ജിംനാസ്റ്റിക് ഒക്കെ പഠിച്ചിട്ടുള്ള പ്രണവ് ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് സർഫർ പഠിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു പ്രൊഫഷണൽ ആയി അഭ്യസിക്കുന്നതിനായിട്ടാണ് ഇപ്പോൾ ഒരു മാസം പരിശീലനത്തിനായി ബാലിയിൽ എത്തിയിരിക്കുന്നത്.
സിനിമയിൽ പുതുമുഖ നായികയെ പരീക്ഷിക്കാനാണ് ഉദേശമെന്നും, സിനിമ പ്രണയത്തിനും യാത്രക്കും പ്രാധാന്യം നൽകുന്നതായിരിക്കുമെന്ന് അരുൺ ഗോപി കൂട്ടിചേർത്തു. ചിത്രത്തിനായി സർഫിങ് രംഗങ്ങൾ കേപ്ടൗണിലായിരിക്കും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ട്. ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. ചിത്രത്തിലെ നായികയാരാണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ