തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന്റെ മാതാവ് സ്വര്‍ണലത (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം ബെംഗളൂരുവില്‍ നടക്കും. സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സ്വര്‍ണലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയ, പ്രചോദനാത്മകമായ ജീവിതമായിരുന്നു സ്വര്‍ണലതയുടേത്. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള ഒരനാഥാലയത്തിലായിരുന്നു അവരുടെ ബാല്യം.
അവിടെനിന്നുള്ള കരുത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സ്വര്‍ണലത, പിന്നീട് ജോലിക്കായാണ് ബെംഗളൂരുവിലേക്ക് കുടിയേറിയത്. പ്രകാശ് രാജിന്റെ വ്യക്തിത്വത്തെയും ലോകവീക്ഷണത്തെയും രൂപപ്പെടുത്തുന്നതില്‍ അമ്മയുടെ ഈ പോരാട്ടവീര്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലമുള്ള കുടുംബമായിരുന്നു പ്രകാശ് രാജിന്റേത്.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട സ്വര്‍ണലതയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട മഞ്ജുനാഥ് റായും തമ്മിലുള്ള വിവാഹത്തിലൂടെ രൂപപ്പെട്ട ആ മതാതീതമായ ചുറ്റുപാടാണ് പ്രകാശ് രാജിന് ജീവിതത്തോടുള്ള വിശാലമായ കാഴ്ചപ്പാട് നല്‍കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയും അമ്മയായിരുന്നു എന്ന് പ്രകാശ് രാജ് പലപ്പോഴും അഭിമുഖങ്ങളില്‍ അനുസ്മരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും പങ്കെടുക്കും.