മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പേരന്‍പി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെയും റാമിന്റെയും ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.
താരപ്രഭാവത്തിനപ്പുറത്ത് ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമാണ് പേരന്‍പ്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു. ഗോവയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ റാമിന്റെ കഥാപാത്രമായി മമ്മൂട്ടി എത്തുന്നതിന്റെ കൗതുകമാണ് മലയാളി പ്രേക്ഷകരെ സംബന്ധിച്ച് പേരന്‍പ്.
Proud to bring this :) #Peranbu @mammukka @Director_Ram pic.twitter.com/qY2RAMiivY
— Anto Joseph (@IamAntoJoseph) January 13, 2019