Latest News

പേരൻപ് എന്ന ചിത്രത്തിന്റെ ടീസർ കണ്ട് മമ്മൂട്ടിയെ പ്രശംസിച്ച് ഗീവർഗീസ് മാർ കൂറിലോസ്

സ്വന്തം ലേഖകൻ
പേരൻപ് എന്ന ചിത്രത്തിന്റെ ടീസർ കണ്ട് മമ്മൂട്ടിയെ പ്രശംസിച്ച് ഗീവർഗീസ് മാർ കൂറിലോസ്

കൊച്ചി: പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. എന്നാൽ ക്രൈസ്തവ സഭയിൽ നിന്നും മമ്മൂട്ടിക്ക് ലഭിച്ച അഭിനന്ദനമാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. ഗീവർഗീസ് മാർ കൂറിലോസാണ് ഇതു സംബന്ധിച്ച് കുറിപ്പിറക്കിയത്. തലമുടി മുതൽ വിരലുകൾ വരെ സൂക്ഷ്മാഭിനയം തീർക്കാൻ കഴിവുള്ള ഇന്ത്യയിലെ ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടിയെന്നും ചിത്രം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂറിലോസ് കുറിപ്പിലൂടെ വ്യക്തമാക്കി.

ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പ്

സിനിമാ സംബന്ധിയായ ഈ കുറിപ്പ് എഴുതാൻ കാരണം എന്റെ ഒരു സുഹൃത്ത് അൽപം മുൻപ് അയച്ചു തന്ന ഈ ചിത്രങ്ങളും 'പേരൻപ് ' എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ലിങ്കുമാണ്. എന്നെങ്കിലും ഈ പടം കാണണം എന്ന നിർദ്ദേശവും അദ്ദേഹം വയ്ക്കുന്നു -

മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. 'പേരൻപ് ' ടീസർ സത്യമായും എന്നെ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി. ഒന്ന്, രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങൾ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങൾ കൊണ്ടും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും ശബ്ദത്തിന്റെ ഹൃദ്യമായ മോഡുലേഷൻ കൊണ്ടും മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നു ഇവിടെ.

തലമുടി മുതൽ കാലിലെ വിരലുകൾ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീർക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടന്മാരിൽ ഒന്നാമനാണ് മമ്മൂട്ടി. നടത്തത്തിലെ അതി സൂക്ഷ്മ ചലനങ്ങൾ കൊണ്ട് അമരത്തിലും ഉദ്യാനപാലകനിലും ഒക്കെ നമ്മെ അതിശയിപ്പിച്ചു എങ്കിൽ ഭൂതകണ്ണാടിയിൽ നോട്ടം കൊണ്ടാണ് ഭാവ പ്രപഞ്ചം മമ്മൂട്ടി തീർത്തത്. ശരീര സൗന്ദര്യത്തോടൊപ്പം ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദ സൗകുമാര്യത്തെ ഇത്രയും മനോഹരമായി മോഡുലേറ്റ് ചെയ്ത് അവതരിപ്പിക്കുവാൻ മമ്മൂട്ടിക്കുള്ള സിദ്ധി അതുല്യമാണ്. (തിലകനെ വിസ്മരിക്കുന്നില്ല ). ഡയലോഗ് ഡെലിവറിയിൽ ഒരു പാഠപുസ്തമാണ് മമ്മൂട്ടി.

ഒരു വടക്കൻ വീരഗാഥ, അമരം, യാത്ര, കാഴ്‌ച്ച , ന്യൂ ഡൽഹി, തനിയാവർത്തനം, സൂര്യമാനസം , യവനിക, മതിലുകൾ, വിധേയൻ, അംബേദ്കർ , പൊന്തന്മാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, ഭൂതകണ്ണാടി, മുന്നറിയിപ്പ് തുടങ്ങിയ (ചില ഉദാഹരണങ്ങൾ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മറ്റൊരു നടനെ സങ്കൽപ്പിക്കുക അസാധ്യമാണ്.

ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നത്. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തന്മയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല.

ചെയ്തു കൂട്ടിയ കഥാപാത്രങ്ങളുടെ വൈവിദ്ധ്യം അത്ഭുതാവഹമാണ്. എന്നിട്ടും പുതിയ വേഷങ്ങൾ തേടിയും പുതിയ ശൈലികൾ അവലംബിച്ചും അഭിനയത്തോടുള്ള അതിരറ്റ പാഷൻ നിലനിർത്തുന്നത് പുതുമുഖങ്ങൾ പാീ മാക്കേണ്ടതാണ്.

റാം എന്ന പ്രതിഭാധനനായ സംവിധായകൻ തന്റെ സ്വപ്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്നില്ല എന്നു ചിന്തിക്കുകയും മമ്മൂട്ടിക്കുവേണ്ടി 10 വർഷം കാത്തിരിക്കാൻ തയ്യാറാകായും ചെയ്തു എങ്കിൽ അതിന്റെ സന്ദേശം വ്യക്തമാണ്. മലയാളിക്കും മലയാളത്തിനും അഭിമാനിക്കാവുന്ന നടന വൈഭവം തന്നെയാണ് മമ്മൂട്ടി.

പേരൻപ് അവിസ്മരണീയ അഭിനയ തികവിന്റെ നിരവധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു വസന്ത കാഴ്ച ആയിരിക്കും എന്നതിന് ചിത്രത്തിന്റെ ടീസർ മാത്രം മതി സാക്ഷ്യം. കലത്തിലെ ചോറിന്റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ.

സ്നേഹത്തിന്റെ ആഗോള സന്ദേശം പടരട്ടെ പേരൻപിലൂടെ .. സ്നേഹവും ദയാവായ്പും വാത്സല്യവും കരുണയും ഒക്കെ ഹൃദയസ്പർശിയായി ഇമോട്ട് ചെയ്യാൻ മമ്മൂട്ടിയെപ്പോലെ കഴിവുള്ളവർ ചുരുക്കമാണല്ലോ. പേരൻപിനും മമ്മൂട്ടിക്കും ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിക്കട്ടെ

ഇനി ഇത്രയും എഴുതിയ സ്ഥിതിക്ക് പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് നേരിട്ടുള്ള എന്റെ പ്രതികരണമിതാ - മമ്മൂട്ടിയോ മോഹൻലാലോ കൂടുതൽ മികച്ച നടൻ?

എന്റെ ഉത്തരം: രണ്ടു പേരുടെയും അഭിനയം ഒത്തിരി ഇഷ്ടമാണ്. എന്നാൽ കൂടുതൽ മികച്ച നടൻ എന്റെ അഭിപ്രായത്തിൽ മമ്മൂട്ടി തന്നെയാണ്.

വാൽക്കഷണം: സിനിമയിലും കയറി അഭിപ്രായം പറയാൻ ഇയാളാര് എന്ന് ആരെങ്കിലും ചോദിച്ചാൽ കലയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരൻ എന്ന് മാത്രമാണ് എന്റെ വിനീത പ്രതികരണം. ചെറുപ്പത്തിൽ എന്റെ പിതാവ് സിനിമക്ക് കൊണ്ടു പോകുമായിരുന്നു. അന്ന് എന്റെ ഇഷ്ട നടൻ സത്യൻ ആയിരുന്നു. ഓടയിൽ നിന്ന് , കടൽപ്പാലം ഒക്കെ ഇന്നും പച്ചയായ ഓർമ്മയാണ്.

peranbu mammootty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES