സിനിമയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ പേരിൽ താൻ മാപ്പു പറയാനില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്. നിലവിൽ മാപ്പു പറയേണ്ട സാഹചര്യമൊന്നുമില്ലെന്നും അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം മാത്രമായിരിക്കുമെന്നും അല്ലാതെ സ്ത്രീവിരുദ്ധതയുടെ പട്ടികയിലുൾപ്പെടുത്താനാവില്ലെന്നും രഞ്ജിത് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തി.
''ഞാൻ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചു കാണാറില്ല. കഥാപാത്രങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റേതാണ്. എന്നാൽ ക്രൂരനായ അല്ലെങ്കിൽ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്കുണ്ട്.'' രഞ്ജിത് പറഞ്ഞു. നടി പാർവതി പറഞ്ഞത് പാർവതിയുടെ അഭിപ്രായമാണെന്നും അതിന്റെ പേരിൽ പാർവതിയെ കല്ലെറിയുന്നതിനോട് യോജിക്കാനാകുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
''എടി ഞാൻ കാഞ്ഞിരപ്പിള്ളി നസ്രാണിയാ എനിക്കറിയാം എന്റെ പെണ്ണിനെ എങ്ങനെ നിർത്തണമെന്ന്', എന്ന് പത്മരാജന്റെ കൂടെവിടെയിലെ കഥാപാത്രം പറഞ്ഞപ്പോൾ പത്മരാജനെതിരെ പ്രതിഷേധമുണ്ടായില്ല കാരണം പത്മരാജനല്ല സിനിമയിലെ കഥാപാത്രമാണ് സംസാരിച്ചതെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്. എന്റെ തന്നെ ചിത്രത്തിൽ മുൻഭാര്യയോട് 'ഞാൻ കള്ളുകുടി നിർത്തിയത് നന്നായി അല്ലേൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ' എന്ന് നായകൻ പറയുന്നത് ചൂണ്ടിക്കാട്ടി കഥാകൃത്തിനോട് കലഹിക്കുന്നത് തികച്ചും ബാലിശമല്ലേ'' രഞ്ജിത് ചോദിക്കുന്നു