യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിവാദവും തലപ്പൊക്കി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ ആൾദൈവം നിത്യാനന്ദയും പോൺതാരം ജോണി സിൻസും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്ന് ആരോപിച്ച് ശിവസേന രംഗത്തുവന്നു.
'നിത്യാനന്ദയുടെ ചിത്രം പോൺതാരത്തിനൊപ്പം നൽകിയതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഇത് നിത്യാനന്ദ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു.' തമിഴ്നാട് ശിവസേന വിഭാഗം ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ശിവസേന സംസ്ഥാന പ്രസിഡന്റ് എ.സെൽവം പോസ്റ്ററിനെതിരെ പരാതി നൽകി.
പോസ്റ്റർ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് എ.സെൽവം പരാതിയിൽ പറയുന്നത്. നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേൽസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇസ്രൈ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കോമഡി ചിത്രമായ പപ്പിയിൽ യുവനടൻ വരുൺ യോഗി ബാബുവിനൊപ്പം വേഷമിടുന്നു. വേൽസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇസ്രൈ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്..