മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത സംവിധായകന് സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിലൂടെ ഒരു ബോളിവുഡ് താരം കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് ആ താരം. മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ അര്‍ബ്ബാസ് ഖാന് വിശേഷിപ്പിച്ചത് ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന സുവര്‍ണാവസരം എന്നാണ്.
എഴുപുന്നയില്‍ ഷൂട്ടിംഗ് ആരംഭിച്ച ബിഗ് ബ്രദറിന്റെ സെറ്റില്‍ ഈ മാസം അവസാനത്തോടെ അര്‍ബ്ബാസ് ഖാനും ജോയിന്‍ ചെയ്യും. മോഹന്‍ലാല്‍ സാറുമൊത്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സിദ്ദിഖ് സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ജീവിതത്തിലൊരിക്കല്‍ ലഭിക്കുന്നൊരു അവസരമായി എനിക്കു തോന്നുന്നു, ഞാന്‍ വളരെ ആവേശത്തിലാണ്, എന്നാണ് അര്‍ബ്ബാസ് ഖാന് പറഞ്ഞത്. ചിത്രത്തില്‍ വില്ലനായാണ് അര്‍ബാസ് ഖാന് അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍.
ജൂലൈ 14-നാണ് 'ബിഗ് ബ്രദറി'ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്ക്കുമണ്. സംവിധായകന് സിദ്ദിഖ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിക്കുന്ന 'ബിഗ് ബ്രദറി'ന് സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. റഫീക്ക് അഹമ്മദിന്റേയാണ് വരികള്‍. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗൗരി ശങ്കര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. ഏപ്രില്‍ 24ന് ചിത്രത്തിന്റെ പൂജ കൊച്ചിയിലെ പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു.
ബിഗ് ബ്രദറില്‍ മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്, ഷര്‍ജാനോ ഖാലിദ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്നാ ടൈറ്റസ് ഇവര്‍ക്കു പുറമെ പുതുമുഖ നായിക മിര്‍ണാ മേനോനുമുണ്ട്. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.