മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായി ഏഷ്യാനെറ്റില്‍ ബിഗ് ബോസ് വന്നപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നത് കൂടിയായിരുന്നു. രസച്ചരട് മുറിയാതെ ആവേശമായി മോഹന്‍ലാല്‍ ബിഗ് ബോസ് മുന്നോട്ടുകൊണ്ടുപോയി. ഓരോ മത്സരാര്‍ഥിയോടും ഇടപെടുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തായിരുന്നു ബിഗ് ബോസ് മോഹന്‍ലാല്‍ കൊണ്ടുപോയത്. ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ വാക്കുകള്‍
അത് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ മാജിക് ആണ്. ആ ഷോയുമായി ആള്‍ക്കാര്‍ അത്രയധികം ഇഴുകി എന്നതാണ്. ഷോ തുടങ്ങുന്ന സമയത്ത് അതിനെ കുറിച്ച് മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടാകും. പക്ഷേ പിന്നീട് നമ്മള്‍ അറിയാതെ വലിയ ചര്‍ച്ചയായി. വീടുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സിനിമ കാണുമ്പോള്‍ ഇങ്ങനെ ഒരാളെ എനിക്ക് അറിയാമല്ലോ, അല്ലെങ്കില്‍ ഇങ്ങനെ ഒരു സംഭവം വീട്ടിനടുത്ത് ഉണ്ടായി എന്നൊക്കെ നമ്മള്‍ റിലേറ്റ് ചെയ്യാന്‍ തുടങ്ങും. അതുപോലെ ബിഗ് ബോസ് കണ്ടിട്ട് ഒരുപാട് കാര്യങ്ങള്‍ അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയാല്‍ ഷോയുടെ വിജയം അതാണ്. അങ്ങനെയാണ് ഫാന്‍സ് ഉണ്ടാകുന്നത്. അങ്ങനെയാണല്ലോ ഹീറോയിസം എന്ന് പറയുന്നതും. എനിക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റൊരാള്‍ ചെയ്തു. അങ്ങനെയാകുമ്പോള്‍ അറിയാതെ അവര്‍ അട്രാക്റ്റ് ആകും. ഒരു ഹീറോയിസം ഉണ്ടാകും. കുറെ ആള്‍ക്കാര്‍ ചേരും. ഇപ്പോള്‍ ആര്‍മിയാണ്. ആര്‍മിയെന്നുള്ളതൊക്കെ പുതിയ വാക്കാണ്. ഇത് ഒരു ഗെയിം ആയി എടുക്കുമ്പോള്‍ അതിന്റെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ഉണ്ടാകും.