കുമ്പളങ്ങി നൈറ്റ്സിലൂടെ' സിനിമയിലേക്ക് എത്തി 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മാത്യു തോമസ്. പേര് പോലെ അത്ര പക്വതയുള്ളയാളല്ല മാത്യു. പ്രായത്തിന്റെതായ കുസൃതിയും കുട്ടിത്തവുമുള്ള ഒരു കൊച്ചു പയ്യന്‍. തന്റെ സിനിമയിലേക്കുള്ള കടന്നുവരവിന് ഇടയാക്കിയ സാഹചര്യവും, സിനിമയില്‍ നിന്നുണ്ടായ അനുഭവവും ഒരു മാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് മാത്യു തോമസ്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചിയിലെ മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളില്‍ കുമ്പളങ്ങി നൈറ്റ്സിന്റെ സംഘം ഓഡീഷന്‍ നടത്താന്‍ എത്തിയത്. അതാണ് സിനിമയിലേക്കുള്ള തന്റെ കടന്നുവരവിന് വഴിത്തിരിവായത് എന്നാണ് മാത്യു പറയുന്നത്. അന്ന് എല്ലാവരും ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താനും വെറുതെ പോയി നോക്കിയതാണെന്നും എന്തോ ഒരു ഭാഗ്യം കൊണ്ട് മാത്രം സെലക്ഷന്‍ കിട്ടിയതാണെന്നുമാണ് മാത്യൂ പറയുന്നത്. കലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നും വന്നയാളാണ്. അഞ്ചില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തിലും സ്‌കിറ്റിലും പങ്കെടുത്ത പരിചയം മാത്രം കൈയില്‍ വച്ച് ഒരു ശ്രമം നടത്തി. ഭാഗ്യം കൊണ്ട സിനിമിലേക്ക് സെലക്റ്റായി.
സിനിമയിലേക്ക് സെലക്റ്റായതിന് പിന്നാലെ ക്ലാസില്ലാത്ത സമയങ്ങളിലെല്ലാം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. അത് അഭിനയം എങ്ങനെയാണെന്ന് മനസിലാക്കാന്‍ സഹായിച്ചു. ശ്യാം പുഷ്‌കരനും സംവിധായകന്‍ മധു സി നാരായണനുമെല്ലാം ഒപ്പമുള്ളപ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നെന്നും. ഇത് അഭിനയത്തില്‍ വളരെയധികം ഗുണം ചെയ്തുവെന്നും മാത്യു പറയുന്നു. ദിലീഷ് പോത്തന്‍ ചില അഭിനയ സാധ്യതകള്‍ പറഞ്ഞ് തരാന്‍ എത്തിയിരുന്നു . ഈ ക്ലാസും ഏറെ ഉപകാരപ്പെട്ടു. എന്നാല്‍ ആറുമാസം കഴിഞ്ഞ് അവര്‍ ഉദ്ദേശിച്ച പോലെയുള്ള കഥാപാത്രമായി താന്‍ മാറിയെന്നും മാത്യു പറയുന്നു.
സിനിമ ഇറങ്ങിയപ്പോള്‍ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. മാത്രമല്ല ഷൂട്ടിങ് കാലത്ത് നഷ്ടപ്പെട്ട ക്ലാസുകളിലെ നോട്ട്സ് പറഞ്ഞ് തന്നും പഠിപ്പിച്ചും കൂട്ടുകാരും അദ്ധ്യാപകരും കൂടെ തന്നെ നിന്നിരുന്നു. കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി അധികം വൈകാതെ തന്നെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേയ്ക്ക് ക്ഷണം വന്നതെന്നും. ആദ്യം ഷെബിന്‍ ബക്കറാണ് സിനിമയിലേക്ക് വിളിച്ചത്. പിന്നീട് സംവിധായകന്‍ എ.ഡി. ഗിരീഷും തിരക്കഥാകൃത്ത് ഡിനോയിയും വന്നു കഥ പറഞ്ഞു. ചിത്രീകരണമെല്ലാം നല്ല രസകരമായിരുന്നു. ഒരേ പ്രായക്കാരായിരുന്നതിനാല്‍ തന്നെ ചിത്രീകരണമെല്ലാം നന്നായി തന്നെ നടന്നു. ഗിരീഷും ഡിനോയിയും അഭിനയഭാവം പോലും നല്ല വൃത്തിയായി പറഞ്ഞു തരും . അത് അതുപോലെ തന്നെ അഭിനയിക്കും. കൂടാതെ വിനീത് ശ്രീനിവാസന്‍ നന്നായി സഹായിച്ചുവെന്നും ഒരു ജേഷ്ഠനെപ്പോലെയായിരുന്നെന്നും മാത്യു പറയുന്നു.
രണ്ട് ചിത്രത്തിന്റെയും വിജയത്തിന് ശേഷം പുതിയ ചിത്രങ്ങളിലേക്ക് ധാരാളം അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്ലസ്ടു ആയതിനാല്‍ പഠിക്കാന്‍ ഒരുപാട് ഉണ്ടെന്നും ക്ലാസുകള്‍ അധികം നഷ്ടപ്പെടാത്ത വിധം ചിത്രങ്ങളില്‍ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നുമാണ് മാത്യു തോമസ് മാധ്യമത്തോട് പറഞ്ഞത്.