1999ൽ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗർഷോം പ്രവാസി ജീവിതങ്ങളുടെ നേർസാക്ഷ്യം വരച്ചിട്ട സിനിമായാണ്. ഈ സിനിമയിൽ ആദ്യം നായികയായി ഉർവശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രത്തിൽ നിന്നും മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പിടി കുഞ്ഞുമുഹമ്മദ്. 'ഉർവശിയേക്കാൾ മുമ്പ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്.
ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു. എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. എന്നാൽ, പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്.'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞുമുഹമ്മദ് പറഞ്ഞു.
നടൻ മുരളിയായിരുന്നു ചിത്രത്തിലെ നായകൻ. മുരളിയുടെ നായികയായി വേഷമിടുന്നതിലെ മാനസികമായ ബുദ്ധിമുട്ടാണ് മഞ്ജു കുഞ്ഞുമുഹമ്മദിനോട് പറഞ്ഞത്. എന്നാൽ, മുരളിയെ ചിത്രത്തിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു. ശേഷം ചിത്രത്തിൽ മഞ്ജുവിന് പകരമായാണ് ഉർവശി നായികയായിട്ട് വരുന്നത്.അദ്ദേഹം പറഞ്ഞു.
ഈ സിനിമയ്ക്ക് മുൻപായി ഇറങ്ങിയ പത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം മുരളി അഭിനയിച്ചിരുന്നു. ദേവിക ശേഖർ എന്ന യുവപത്രപ്രവർത്തകയായാണ് മഞ്ജു വാര്യർ എത്തിയത്. ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളിയായിരുന്നു. മുൻചിത്രത്തിൽ അച്ഛനും മകളുമായി അഭിനയിച്ചവർ അടുത്ത ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നതിനോട് മഞ്ജു വാര്യർക്ക് യോജിപ്പുണ്ടായിരുന്നില്ല.
മുരളിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മഞ്ജു വാര്യർ അറിയിച്ചതോടെയാണ് ചിത്രത്തിലേക്ക് ഉർവശി എത്തിയത്. നായക സ്ഥാനത്ത് നിന്നും മുരളിയെ മാറ്റാനാവില്ലെന്നായിരുന്നു സംവിധായകൻ മഞ്ജു വാര്യരോട് പറഞ്ഞത്. ഇതേത്തുടർന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങുന്നതിനെക്കുറിച്ച് താരം അറിയിച്ചത്. മഞ്ജു വാര്യർ പിൻവാങ്ങിയതോടെയാണ് നായികയാവാനുള്ള നറുക്ക് ഉർവശിയിലേക്ക് എത്തിയത്.
'മഗ്രിബ്'എന്ന ചിത്രത്തിലൂടെയാണ് പിടി കുഞ്ഞുമുഹമ്മദ് സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന് ഗർഷോം, പരദേശി, വിശ്വാസപൂർവം മൻസൂർ, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിർമ്മാതാവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന പ്രവാസി സിനിമയാണ് ഗർഷോം.
യുവജനോത്സവ വേദിയിൽ നിന്നുമാണ് മഞ്ജു വാര്യർ സിനിമയിലേക്ക് എത്തിയത്. അഭിനേത്രിയാവുന്നതിന് മുൻപ് നൃത്തത്തിൽ മികവ് തെളിയിച്ചിരുന്നു താരം. സിനിമയിലെത്തിയപ്പോഴും നൃത്തപരിപാടികളുമായി സജീവമായിരുന്നു. തന്റെ നൃത്തപഠനത്തിന് അച്ഛനും അമ്മയും പ്രാധാന്യം നൽകിയതിനെക്കുറിച്ചും അവരുടെ പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു.
സിനിമയിലെത്തി അധികം വൈകുന്നതിനിടയിൽത്തന്നെ മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. മുൻനിര നായകർക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ചെയ്തതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണെന്ന നേട്ടം ഈ നായികയ്ക്ക് സ്വന്തമാണ്.