പടയോട്ടത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ബിജു മേനോന്റെ അടുത്ത ചിത്രമായ ആനക്കള്ളന്‍ ഈ ആഴ്ച തിയേറ്ററുകളിലേക്ക്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ഉദയകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.
കള്ളന്‍ പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ആനക്കള്ളനില്‍ അവതരിപ്പിക്കുന്നത്. ആനക്കള്ളനിലെ കഥാപാത്രം കള്ളനാണോ നിരപരാധിയാണോ എന്ന് പറയുമ്പോഴാണ് ചിത്രത്തിലെ വ്യത്യസ്തത പ്രേക്ഷകന് മനസിലാകുന്നതെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു. സാഹചര്യം കൊണ്ട് കള്ളനാകാം , കള്ളനാക്കപ്പെടാം എന്നാല്‍ ചിത്രത്തില്‍ ഒരു കള്ളനുണ്ട് ആ കള്ളനെ തേടിയുള്ള യാത്രയാണ് ആനക്കള്ളന്‍ എന്ന് ഉദയകൃഷ്ണ കൂട്ടി ചേര്‍ത്തു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി ഷംന കാസിം ശോഭ സിറ്റി മാളില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.
ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കരന്തൂര്‍, കോസ്റ്റ്യും അരുണ്‍ മനോഹര്‍.