തെന്നിന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയരായ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും തുടരുകയാണ്. മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം സന്തുഷ്ട കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ് ഈ ദമ്പതികൾ. എന്നാൽ ഇപ്പോൾ ജ്യോതികയുമായുള്ള വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും എല്ലാം കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സൂര്യ.
പൊതുവെ ആരുമായും അത്ര പെട്ടെന്ന് കൂട്ടാവുന്നയാളല്ല താൻ എന്ന് സൂര്യ പറയുന്നു. അന്തര്മുഖമെന്ന തരത്തിലുള്ള പ്രകൃതമാണ്. മുന്‍പത്തെ സ്വഭാവത്തില്‍ നിന്നും ഇപ്പോള്‍ ഒരുപാട് മാറിയെന്നുള്ളത് ശരിയാണ്. എന്നാല്‍ കമ്യൂണിക്കേഷന്റെ കാര്യത്തില്‍ അത് പോലെ തന്നെയാണ് ഇപ്പോഴും. അച്ഛനോടും അമ്മയോടും എന്റെ കാര്യങ്ങളോ ആവശ്യങ്ങളോ ഒക്കെ പറയാന്‍ നല്ല മടിയാണ്. ജ്യോതികയുമായുള്ള വിവാഹത്തെക്കുറിച്ച് അവരോട് പറയാനും പറഞ്ഞ് മനസ്സിലാക്കി സമ്മതിപ്പിക്കാനും കുറേ സമയം വേണ്ടി വന്നിരുന്നു.
ജ്യോതികയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും സൂര്യ പറയുന്നു. അന്നോ ജോ താരമായിരുന്നു. കരിയറില്‍ വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിച്ചിരുന്ന സമയമായിരുന്നു അത്. അതിനാല്‍ത്തന്നെ താന്‍ അങ്ങോട്ട് കേറി മിണ്ടിയിരുന്നില്ലെന്നും സൂര്യ ഓര്‍ത്തെടുക്കുന്നു. ജ്യോതികയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന സംശയമായിരുന്നു. എന്നാല്‍ സെറ്റില്‍ എല്ലാവരോടും വിനയത്തോടെയായിരുന്നു ജോ ഇടപെട്ടത്. അതിന് ശേഷം പതുക്കെയായാണ് ഞങ്ങള്‍ പരിചയത്തിലായത്.
അന്നത്തെ പരിചയപ്പെടലിന് ശേഷം 3 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഫോണ്‍ നമ്പര്‍ കൈമാറിയത്. ഗൗതം മേനോന് സംവിധാനം ചെയ്ത കാക്ക കാക്കയാണ് സിനിമയിലെയും ജീവിതത്തിലെയും വഴിത്തിരിവ്. ആ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് ജ്യോതികയാണ്. നന്ദയിലെ പെർഫോമൻസിന്റെ കാര്യം ജോയാണ് ഗൗതത്തോട് പറയുന്നത്. അപ്പോഴേക്കും ഉള്ളിലെ പ്രണയം തിരിച്ചറിഞ്ഞിരുന്നു. പ്രണയം തുടങ്ങിയപ്പോൾ തന്നെ വിവാഹിതരാകണമെന്ന കാര്യവും ഞങ്ങൾ ഉറപ്പിച്ചു.
പതിവ് പോലെയുള്ള പ്രണയമോ അങ്ങനെയുള്ള കാര്യങ്ങളൊന്നും തങ്ങളുടെ പ്രണയത്തിലുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂര്യയുടെ മറുപടി ഇതായിരുന്നു. ഞങ്ങളുടെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നതാണ് സത്യം. ഐ ലവ് യു പറഞ്ഞൊന്നും തുടങ്ങിയതല്ല. ചില കാര്യങ്ങളങ്ങനെയാണ്, എങ്ങനെയോ സംഭവിച്ചു പോകും.
ജ്യോതികയല്ലാതെ മറ്റാരൊക്കെയാണ് സുഹൃത്തുക്കളെന്നുള്ള ചോദ്യവും സൂര്യയോട് ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ അങ്ങനൊരു ക്ളോസ് ഫ്രണ്ടില്ല. അതൊരു ദുഃഖകരമായ കാര്യമാണെങ്കിലും തുറന്നു പറയാൻ മടിയില്ല. വിജയ്, അജിത്ത്, വിശാൽ, മാധവൻ തുടങ്ങി ഇൻഡസ്ട്രിയിലെ എല്ലാവരുമായും അടുപ്പമുണ്ടെന്നുമായിരുന്നു എന്നുമാണ് താരം പറഞ്ഞത്.