 
  മലയാളത്തിലെ ഗതിയില്ലാത്ത ആസ്ഥാന ആങ്ങള... സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്കിടയില്‍ നടന്‍ ആനന്ദ് മന്മദന് ചാര്‍ത്തികൊടുത്തിരിക്കുന്ന പേരാണ് അത്. കാരണം നടന്‍ ജയ ജയ ജയ ജയ ഹേ'യിലെ ഗതിയില്ലാത്ത ആങ്ങള, 'പൊന്മാനി'ലെ ബ്രൂണോ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിലെക്ക് സഹോദര സ്ഥാനത്തില്‍ കുടിയേറിയിരിക്കുകയാണ് ഈ താരം.
എന്നാലിപ്പോള്‍ സിനിമയിലെത്തും മുമ്പുള്ള തന്റെ ജീവിതത്തെക്കുറി്ച്ച് നടന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.സിനിമയിലെത്തുന്നതിന് മുമ്പ് വട്ടച്ചെലവിനായി ഊബര്‍ ഈറ്റ്സ് ഫുഡ് ഡെലിവറിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് നടന്‍ പറഞ്ഞത്.
'ഒരു പ്രായം കഴിഞ്ഞാല്‍ വീട്ടുകാരില്‍ നിന്ന് പണം ചോദിക്കുന്നത് ശരിയല്ല. 24 വയസ്സൊക്കെ കഴിഞ്ഞാല്‍ പെട്രോളിന് പോലും വീട്ടുകാരോട് കൈനീട്ടാന്‍ പ്രയാസം തോന്നി. ചിലപ്പോഴൊക്കെ അമ്മ കാണാതെ പഴ്‌സില്‍ നിന്ന് 50 രൂപയെടുത്ത് പെട്രോള്‍ അടിക്കുമായിരുന്നു. പോക്കറ്റ് മണി കണ്ടെത്താനുള്ള എളുപ്പവഴിയായാണ് ഊബര്‍ ഈറ്റ്സ് ഡ്രൈവറായി ജോലി ചെയ്യാന്‍ തീരുമാനിച്ചത്.
ഇഷ്ടമുള്ള കാര്യമായതുകൊണ്ടും, വാഹനം ഓടിക്കാന്‍ താല്പര്യമുള്ളതുകൊണ്ടും ഈ ജോലി തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ അറിയാത്ത ഒരുപാട് വഴികള്‍ ഈ ജോലിയിലൂടെ പഠിക്കാനും സാധിച്ചു,' ആനന്ദ് അഭിമുഖത്തില്‍ പറഞ്ഞു.
2017ല്‍ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത 'വൈ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആനന്ദ്, 'ജയ ജയ ജയഹേ' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയോടുള്ള താല്പര്യം കുട്ടിക്കാലം മുതല്‍ക്കേ ഉണ്ടായിരുന്ന ആളാണ് ആനന്ദ്. 
പക്ഷെ സിനിമ തന്നെ മതിയെന്ന് ഉറപ്പിച്ചത് പഠിത്തമെല്ലാം കഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴാണ്.  സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടാനായി ഒരുപാട് ഓഡിഷനുകള്‍ക്കൊക്കെ പോയി്. പക്ഷേ അതിലൊന്നും സെലക്ഷന്‍ കിട്ടാതെ വന്നപ്പോഴാണ് എന്നാല്‍ പിന്നെ സ്വന്തമായി കുറച്ച് വിഡിയോകള്‍ ചെയ്തു യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ചെയ്ത ഒരു വിഡിയോ കണ്ടിട്ടാണ് വൈ സിനിമയുടെ സംവിധായകന്‍ സുനില്‍ ഇബ്രാഹിം സാര്‍ ആനന്ദിനെ വിളിക്കുന്നതും അവസരം വരുമ്പോള്‍ അറിയിക്കാമെന്ന് പറയുന്നതും. അതിനുശേഷമാണ് വൈ സിനിമയിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് വരുകയായിരുന്നു.