ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായക നിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച അംഗീകാരം തന്നെയാണ് സിനിമാ ആരാധകര്‍ നല്‍കിയിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. എന്നാല്‍ സ്വഭാവിക വേഷങ്ങളിലൂടെ അഭിനയിച്ച് ഞെട്ടിച്ച സുരാജ് ദേശീയ അവാര്‍ഡും കരസ്ഥമാക്കി. ഇപ്പോള്‍ ലോക്ഡൗണിനെതുടര്‍ന്ന് കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ് സുരാജ്. ഈ വേളയില്‍ താരം പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കയാണ്.
ലോക്ക്ഡൗണില്‍ വീട്ടിലിരിക്കെ ഭാര്യ സുപ്രിയ പരിശോധിക്കുന്ന ഫോണിലേക്ക് ആശങ്കയോടെ സുരാജ് നോക്കിയിരിക്കുന്നതാണ് വീഡിയോ. 'അച്ഛാ, അച്ഛനെന്തിനാണ് അമ്മയുടെ ഫോണില്‍ നോക്കുന്നത്? അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കിക്കൂടെ?' എന്ന് മകന്‍ കാശിനാഥന്‍ പശ്ചാത്തലത്തില്‍ ചോദിക്കുന്നത് കേള്‍ക്കാം. ഇതിനുള്ള താരത്തിന്റെ മറുപടിയാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. Stay Safe & Stay Home' എന്ന തലവാചകത്തോടെ സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു. മൂന്ന് മണിക്കൂറിനകം ഇന്‍സ്റ്റഗ്രാമില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ജോജു ജോര്‍ജ്, സ്രിന്ദ അഷാബ്, നമിത പ്രമോദ്, ഗായത്രി സുരേഷ്, ഫര്‍ഹാന്‍ ഫാസില്‍, അര്‍ച്ചന കവി, സയനോര തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.