ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നയന്‍താര. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ മലായളത്തിലും തമിഴിലുമൊക്കെയായി തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ നിന്നും കുറച്ച് കാലം ഒരു ഇടവേള എടുത്ത നയൻതാര വീണ്ടും ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. നായികയായി തന്നെയാണ് ഇനി വരാനിരിക്കുന്ന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നും അതിനായിട്ടാണുന്നു ഒരു ഇടവേള എടുത്തത് എന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിളുടെ നയൻതാര തുറന്ന് പറയുന്നു.
ബാലതാരം എന്ന ഇമേജ് മാറി കിട്ടാനും കൂടിയാണ് ഈ ഇടവേള എടുത്തതെന്ന് പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയില്‍ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞത് ഒരു ഇടവേള എടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്. ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാന്‍ തുടങ്ങിയത്. അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവില്‍ സഹായകമാവുമെന്ന് കരുതുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന കഥകളും നായിക കഥാപാത്രമായിട്ടുള്ളത് തന്നെയാണ്. പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം കഥകള്‍ കേള്‍ക്കുന്നുണ്ട്.
കിലുക്കം കിലു കിലുക്കം ആണ് എന്റെ ആദ്യ സിനിമ. അതില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് രണ്ടര വയസാണ്. ആ സമയത്ത് ഭക്ഷണം കഴിക്കാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. അന്നേരം കാവ്യ ചേച്ചിയും ജയന്‍ ചേട്ടനുമൊക്കെയാണ് എനിക്ക് ഭക്ഷണം വാരി തന്നിരുന്നത്. ലാലങ്കിള്‍ എന്നെ 'ടേക്ക് ആര്‍ട്ടിസ്റ്റ്' എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം ഞാന്‍ റിഹേഴ്‌സലിന് നില്‍ക്കില്ലായിരുന്നു. ഒന്നാമത് എനിക്ക് അറിയില്ല. അതുകൊണ്ട് നേരെ ടേക്കിന് പോവാറാണ് പതിവ്. അങ്ങനെ വീണ പേരാണ് ടേക്ക് ആര്‍ട്ടിസ്റ്റ് എന്നത്.
ഇവരുമായിട്ടൊക്കെ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ഒരുപാട് സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായിട്ടുണ്ട്. അതൊരു ഭാഗ്യം. ലാലങ്കിളിനൊപ്പം രണ്ട് സിനിമകളിലും മമ്മൂട്ടിയങ്കിളിനൊപ്പം രണ്ട് സിനിമകളും ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ വലിയ അനുഭവങ്ങളായിരുന്നു. അവരോടൊപ്പം ഇനിയും അഭിനയിക്കാന്‍ കാത്തിരിക്കുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ലൗഡ്‌സ്പീക്കര്‍, ചെസ് എന്നീ സിനിമകള്‍ വച്ചാണ് കൂടുതല്‍ പേരും തിരിച്ചറിയപ്പെടുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ ആ പാട്ടുണ്ടല്ലോ 'കണ്ണിനുള്ളില്‍ നീ കണ്മണി' എന്ന ഗാനം. അത് വലിയ ഹിറ്റായി മാറിയത് ഏറെ സഹായകമായിട്ടുണ്ട്. എന്റെ ആദ്യ ഡ്യുവറ്റ് സോംഗായിരുന്നു അത്.
കുസേലനില്‍ നയന്‍താര ചേച്ചിയ്ക്കും രജനി സാറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഭയങ്കര രസമുള്ള അഭിനയമായിരുന്നു അത്. ഭയങ്കര സ്‌നേഹമായിരുന്നു എന്നോട് ചേച്ചിക്ക്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. മഴയൊക്കെയുള്ള സീനായിരുന്നു. നനഞ്ഞ് കഴിഞ്ഞാല്‍ എന്നെ തോര്‍ത്തി തരുന്നതൊക്കെ ചേച്ചിയായിരുന്നു. എപ്പോഴും എടുത്ത് കൊണ്ട് നടക്കുമായിരുന്നു. 'ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്' എന്നായിരുന്നു ആദ്യം കണ്ടപാടെ ചേച്ചി ചോദിച്ചത്.
എന്റെ പേരിന് പിന്നില്‍ അങ്ങനെ കഥകളൊന്നുമില്ല. വീട്ടുകാര്‍ കഷ്ടപ്പെട്ട് കണ്ട് പിടിച്ച പേര് തന്നെയാണ് ഇത്. പലര്‍ക്കും സംശയമാണ് ഇതെന്റെ യഥാര്‍ഥ പേരാണോ എന്ന്. അതേ ഇതെന്റെ യഥാര്‍ഥ പേര് തന്നെയാണ്. സിനിമയ്ക്കായി പേര് മാറ്റിയിട്ടില്ല. ഇനി മാറ്റാനും പോവുന്നില്ല. നയന്‍താര ചക്രവര്‍ത്തി എന്നാണ് വിക്കിപീഡിയ ആയാലും എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലായാലും നയന്‍താര ചക്രവര്‍ത്തി എന്നാണ് പേര്. അതുകൊണ്ട് പ്രശ്‌നമില്ല. പിന്നെ നയന്‍താര ചേച്ചിയെ പോലെ വലിയൊരു അഭിനേത്രിയുടെ പേര് എനിക്കുള്ളത് ഒരു അഭിമാനമാണ്.