പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍. "കനവിന്‍ അഴകേ കാവല്‍ മിഴിയേ" എന്ന ഈ ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇങ്ങനെയൊരു ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
സിനിമയിലല്ലാതെ വിദ്യാസാഗര്‍ ഒരുക്കിയ ഗാനമെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിദ്യാസാഗര്‍ ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം ഒരുക്കുന്നത്. പുതുതലമുറയില്‍ ശ്രദ്ധേയയായ യുവഗായിക സെലിന്‍ ഷോജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ ജോയ്സ് തോന്നിയാമലയാണ് ഈ ഗാനം രചിച്ചത്.
ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ളതാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകരുടെ പക്ഷം. മെലഡിയുടെ രാജകുമാരനായ വിദ്യാസാഗറില്‍ നിന്ന് പിറവിയെടുത്ത ഈ ആത്മീയഗാനം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.