മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലചന്ദ്ര മേനോന്‍. രസകരമായ വിവരങ്ങളാണ് താരം ആരാധകരുമായി ഫില്‍മിഫ്രൈഡേസ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുള്ളത്. ഫില്‍മിഫ്രൈഡേസിന്റെ രണ്ടാം സീസണ്‍ ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷമായിരുന്നു രണ്ടാം സീസണ്‍ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ താരം കോളേജില്‍ പഠിക്കുന്ന സമയത്ത് മിമിക്രി ചെയ്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
'കൊല്ലം ഫാത്തിമമാതാ കോളേജ്. ഓഡിറ്റോറിയത്തിലെ നിറഞ്ഞ കൈയടിസളാണ് എന്നിലെ കലാകാരനെ വളര്‍ത്തിയതും താരമാക്കിയതും. പ്രാസംഗികന്‍, ഗായകന്‍, നടന്‍, കഥാകൃത്ത്, കൈവയ്ക്കാത്ത മേഖലകളില്ല. യൂണിയന്‍ സെക്രട്ടറി പദവി വേറെ. പ്രീഡ്രിഗ്രി സെക്കന്‍ഡ് ഇയര്‍ കാലം. അതുവരെ കൈ വെക്കാത്തൊരു രംഗത്തെ എന്റെ സ്വന്തം പരീക്ഷണവുമായി അതേ ഓഡിറ്റോറിയത്തിന്റെ വേദിയിലെത്തിയത് ആ വര്‍ഷമാണ്.
മിമിക്രിയില്‍ എന്റെ ആദ്യവേദി. കഴിവ് തെളിയിച്ചേ തീരൂ. അന്നത്തെ സൂപ്പര്‍ താരങ്ങളായ സത്യനും മധുവും കൊട്ടാരക്കാരയും പ്രേം നസീറും എന്നിലൂടെ എന്റെ കൂട്ടുകാര്‍ക്ക് മുന്നിലെത്തി. മിമിക്രി ഇത്ര ജനപ്രിയമായ കലയായി മാറിയിരുന്നില്ല അന്ന്. അന്ന് കൊല്ലം ചിന്നക്കട കാനറബാങ്ക് മാനേജറായ സുബൈറും കാണിയായി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം അദ്ദേഹം എന്നോട് പറഞ്ഞു. ബാങ്കിന്റെ വാര്‍ഷികം വരുന്നുണ്ട്. വിളിക്കാം വരണം, എന്ന്. അദ്ദേഹം വാക്ക് പാലിച്ചു.
വാര്‍ഷിക പരിപാടിയില്‍ എന്റെ മിമിക്രിയും ഉള്‍പ്പെടുത്തിയിരുന്നു. അന്നത്തെ ഫോട്ടോ ആണിത്. ആ ചടങ്ങില്‍ മുഖ്യാതിഥിയായി ജില്ലാ സെഷന്‍സ് ജഡ്ജ് എം ശേഖരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്റെ അവതരണം ഇഷ്ടപ്പെട്ടിട്ടാകണം ഒരു മംഗളപത്രം എഴുതി തന്നു. അര്‍ഹമായ അവസരം ഈ കലാകാരന് നല്‍കിയാല്‍ കലാകേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു പുഷ്പമായി പൂത്തുലയുക തന്നെ ചെയ്യും. എന്റെ എല്ലാ ആശംസകളും... അന്നത് വലിയ സംഭവമായിരുന്നു.
പിന്നീട് ഡിഗ്രി പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അന്തര്‍ സര്‍വകലാശാല മത്സരാര്‍ഥികള്‍ക്ക് മിമിക്രിയുമായി വീണ്ടും ഞാന്‍ അരങ്ങിലെത്തി. അതൊന്നുമായിരുന്നില്ല വലിയ കാര്യം. അന്ന് മിമിക്രിക്ക് ഒന്നാം സ്ഥാനം അടിച്ചത് മഹാരാജാസ് കോളേജിന്റെ പ്രതിനിധിയായി എത്തിയ ഒരു ഹനീഫിക്കയാണ്. പിന്നീട് കൊച്ചിന്‍ ഹനീഫ എന്ന പേരില്‍ പ്രശസ്തനായ നമ്മുടെ നടന്‍. അദ്ദേഹം അന്ന് അവതരിപ്പിച്ച ശിവാജി ഗണേശന് മുന്നില്‍ ഞാന്‍ അവതരിപ്പിച്ച നടന്മാരെല്ലാം നിഷ്പ്രഭരായി. അങ്ങനെ ഞാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.