മികച്ച പ്രതികരണങ്ങളോടെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സൂഫിയും സുജാതയും മുന്നേറികൊണ്ടിരിക്കുകയാണ്. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ സൂഫിയായി അഭിനയിച്ച ദേവിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ സൂഫിയും സുജാതയെയുംകുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദേവ് മനസുതുറക്കുകയാണ്.
ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ സുഹൃത്തുക്കള്‍ വഴിയാണ് കാസ്‌റ്റിംഗ് കോള്‍ ലഭിക്കുന്നത്.എന്നോട് ശ്രമിച്ചുനോക്കാന്‍ പറഞ്ഞ് അവര്‍ അയച്ചുതരികയായിരുന്നു. അന്ന് തന്നെ പ്രൊഫെെല്‍ തയ്യാറാക്കി ഫ്രൈഡേയിലേക്ക് അയച്ചുകൊടുത്തു. കുറെ എന്‍ട്രികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ എന്റെ പേരും ഉള്‍പ്പെട്ടൂ. ആദ്യമായിട്ടാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് വിജയ് ബാബു സാറിനെയും ഷാനവാസ് ഇക്കയെയുമെല്ലാം പരിചയപ്പെട്ടു. ഓഡിഷന്റെ ഭാഗമായി സിനിമയിലെ രണ്ട് സീനുകള്‍ ചെയ്ത് കാണിക്കാന്‍ അവര്‍ പറഞ്ഞു.
അതിന് ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് അവര്‍ വിളിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. സൂഫിയാകാന്‍ കുറെ പഠിക്കേണ്ടി വന്നുവെന്നും ഗവേഷണങ്ങള്‍ നടത്തേണ്ടി വന്നുവെന്നും ദേവ് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ കൃത്യമായി പറഞ്ഞുതന്നിരുന്നു. സൂഫിയും എന്റെ ക്യാരക്ടറുമായി വളരെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമയം എടുത്താണ് സൂഫിയെ ഉള്‍ക്കൊണ്ടത്.
അജ്മീര്‍ ദര്‍ഗയൊക്കെ സന്ദര്‍ശിച്ചിരുന്നു. ഒന്‍പത് മാസമെടുത്താണ് സൂഫി ഡാന്‍സ് പഠിച്ചതെന്നും ദേവ് പറഞ്ഞു. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് പഠിച്ചെടുത്തു. തന്റെ ഓഫീസിലുളളവരോടൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ലെന്നും ദേവ് പറയുന്നു. ആരോടും പറയാതെ അതൊരു രഹസ്യമാക്കി വെച്ചു. രണ്ട് വര്‍ഷത്തോളം സിനിമയ്ക്കായി കാത്തിരുന്നു. കഥാപാത്രത്തിനായി മുടിയും താടിയുമെല്ലാം നീട്ടിവളര്‍ത്തി. ഒരു ഘട്ടത്തില്‍ നിരാശ തോന്നിയെങ്കിലും വിജയ് ബാബു സര്‍ പ്രചോദനമായി.
ഒന്നുംകൊണ്ടും വിഷമിക്കേണ്ട ക്ഷമയുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ചിത്രത്തില്‍ സുജാതയായി അഭിനയിച്ച അതിഥിയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു. ആദ്യ ചിത്രമാണെന്ന് അദിഥിയോട് പറഞ്ഞിരുന്നു. അതിഥി നല്ല പിന്തുയാണ് നല്‍കിയത്. തെറ്റുമൊന്നുളള പേടിയൊന്നും വേണ്ട, സമയമെടുത്ത് സമാധാനത്തോടെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്യുമായിരുന്നു.
അതുകൊണ്ടുളള തന്നെ കോമ്പിനേഷന്‍ സീനുകള്‍ എളുപ്പമായിരുന്നു. സിനിമ കണ്ട് ആദ്യം വിളിച്ചത് ജയേട്ടനാണെന്നും ദേവ് പറഞ്ഞു. അദ്ദേഹത്തെ പോലൊരാള്‍ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ കുറച്ചുകൂടി കോണ്‍ഫിഡന്‍സ് ആയി. പിന്നെയും കുറെ പേര്‍ വിളിച്ചു. പലരും മെസേജ് അയച്ചു. ഒരു ഫീല്‍ഗുഡ് സിനിമ എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
സിനിമകള്‍ ഏറെ ഇഷ്ടമുളള കുടുംബമാണ് തന്റെതെന്നും ദേവ് പറഞ്ഞു. മിക്ക സിനിമകളിലും തിയ്യേറ്ററില്‍ തന്നെ പോയി കാണാറുണ്ട്. അതേസമയം ആദ്യ സിനിമ തിയ്യേറ്ററില്‍ കാണാന്‍ സാധിക്കാത്തതില്‍ ചെറിയ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് നല്ലൊരു തീരുമാനമാണ്. ഒപ്പം ഇത്തരത്തില്‍ റിലീസ് ചെയ്ത് ഞങ്ങളുടെ സിനിമ ചരിത്രം കുറിച്ചതില്‍ സന്തോഷമുണ്ടെന്നും ദേവ് പറഞ്ഞു.